ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് മസ്‌കും സംഘവും; ‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം

1

ബഹിരാകാശത്ത് പുതുചരിത്രം കുറിച്ച് സ്പേസ് എക്സിന്‍റെ ‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം. ബഹിരാകാശ വിദഗ്ധര്‍ അല്ലാത്ത നാലുപേരെയും വഹിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് സ്പേസ് എക്സ് ഡ്രാഗണ്‍ ക്യാപ്സ്യൂള്‍ ബഹിരാകാശത്തേക്ക് പറന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.30 ഓടെയായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റാണ് ഡ്രാഗണ്‍ കാപ്സ്യൂളിനെ ബഹിരാകാശത്ത് എത്തിച്ചത്.

മിഷനിലെ നാല് അംഗങ്ങളും ഭ്രമണപഥത്തിൽ എത്തിച്ചേർന്നിരിക്കുന്നു. മൂന്ന് ദിവസം ഇവർ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്ലോറിഡ തീരത്തിനടുത്ത് അത്ലാറ്റിക്ക് സമുദ്രത്തില്‍ പതിക്കുമെന്നാണ് കരുതുന്നത്.

മിഷനിലുള്ള നാലുപേരും ബഹിരാകാശ വിദഗ്ധരല്ല എന്നതാണ് ഈ സംഘത്തിന്റെ ഏറ്റവും വല്യ പ്രത്യേകത. ഹോളിവുഡിലെ സൂപ്പര്‍ഹീറോ ചിത്രം ‘ഫെന്‍റാസ്റ്റിക്ക് 4നെ’ അനുസ്മരിപ്പിക്കും പോലെയാണ് ഈ ദൗത്യത്തിന് ‘ഇന്‍സ്പിരേഷന്‍ 4’ എന്ന പേര് സ്പേസ് എക്സ് നല്‍കിയത്. നാലു യാത്രികർക്കും യഥാർഥ ബഹിരാകാശ യാത്രികർക്കു ലഭിക്കുന്നതു പോലുള്ള പരിശീലനമൊന്നും കാര്യമായി ലഭിച്ചിച്ചിട്ടില്ല. ആറു മാസം മുൻപാണ് യാത്രയ്ക്കുള്ള തീരുമാനംതന്നെ ആയത്. ആകെ ലഭിച്ചത് ഒരു ‘ക്രാഷ് കോഴ്‌സ്’ എന്നു പറയാവുന്ന പരിശീലനം. സ്പേസ് മാനദണ്ഡങ്ങളനുസരിച്ചു നോക്കിയാൽ യാത്രികരിൽ നാലു പേരും ‘സാധാരണക്കാർ’.

മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് സംഘത്തിലുള്ളത്. ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ് ഇതിലെ ശ്രദ്ധേയ അംഗം. ഇവരുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ബഹിരാകാശ യാത്ര നടത്തുന്ന ആദ്യത്തെ ആളാണ് ഹെയ്ലി.

അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവര്‍. ദൗത്യസംഘത്തിലെ ഹെയ്ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക.

വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് വെറും മാസ് അല്ല, മരണമാസ് കരുനീക്കമാണ് ഇലോൺ മാസ്‌കും കൂട്ടരും നടത്തിയിരിക്കുന്നത്.