കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയിലേക്ക് പുതിയ വ്യോമപാത തുറന്ന് ദുബായ്. ദുബായിൽനിന്ന് അടിയന്തര കോവിഡ് ദുരിതാശ്വാസ സാധനങ്ങൾ എത്തിക്കാൻ ലക്ഷ്യമിട്ടാണ് മഹാമാരിക്കാലത്തെ കൈത്താങ്ങായി പുതിയ വ്യോമപാത തുറക്കുന്നത്.
എമിറേറ്റ്സ് എയർലൈൻസിന്റെ നേതൃത്വത്തിലാണ് പദ്ധതി. ദുബായിൽനിന്ന് കിട്ടുന്നിടത്തോളം സാധനങ്ങളും ലഭ്യമായ മറ്റ് അവശ്യവസ്തുക്കളും ഉടനടി ഇന്ത്യയിലേക്ക് എത്തിക്കുകയാണ് ഉദ്ദേശ്യം. ഇതിനായി എയർബ്രിഡ്ജ് എമിറേറ്റ്സ് കാർഗോ തയ്യാറാക്കിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.
സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയാലുടൻ അവ എത്തിക്കുന്ന തരത്തിലുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഇതിനകം എമിറേറ്റ്സ് സ്കൈ കാർഗോ ഷെഡ്യൂൾഡ്, ചാർട്ടേഡ് കാർഗോ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് അവശ്യമരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിച്ചിട്ടുണ്ട്. ദുരിതകാലത്ത് ഇന്ത്യൻ ജനതയ്ക്കായി കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് എമിറേറ്റ്സ് ചെയർമാനും എമിറേറ്റ്സ് ചീഫ് എക്സിക്യുട്ടീവുമായ ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം പറഞ്ഞു.