ദുബായ്: എട്ട് നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിര്‍ത്തിവെച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അറിയിച്ചു. ഡിസംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നു. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ട്രാന്‍സിറ്റ് യാത്രക്കാരെയും അനുവദിക്കില്ലെന്നാണ് വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നത്.
അംഗോളയിലെ ലുവാൻഡ, ഗിനിയുടെ തലസ്ഥാനമായ കൊണാക്രി, കെനിയയിലെ നെയ്‍റോബി, ടാന്‍സാനിയയിലെ ദാര്‍ എസ് സലാം, യുഗാണ്ടയിലെ എന്റബ്ബി, ഘാനയുടെ തലസ്ഥാനമായ അക്ര, ഐവറികോസ്റ്റിലെ അബീദ്‌ജാൻ, എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബെബ എന്നിവിടങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്.
കൊണാക്രിയില്‍ നിന്ന് സെനഗള്‍ തലസ്ഥാനമായ ഡാക്കറിലേക്കുള്ള യാത്രക്കാരെയും സ്വീകരിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ദുബൈയില്‍ നിന്ന് ഈ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ തടസമില്ലാതെ തുടരും. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാല് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യുഎഇ അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് എമിറേറ്റ്സിന്റെയും അറിയിപ്പ്.