വയനാട്ടില്‍ തണ്ടര്‍ ബോള്‍ട്ട് സംഘവും മാവോവാദികളും തമ്മില്‍ വെടിവെപ്പ്

0

കല്‍പ്പറ്റ: വയനാട് ലക്കിടിയില്‍ മാവോവാദികളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മില്‍ വെടിവെപ്പ് നടന്നു. വൈത്തിരിയില്‍ ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന ഉപവന്‍ എന്ന സ്വകാര്യ റിസോര്‍ട്ടിനകത്താണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ രണ്ടു മാവോയിസ്റ്റുകൾക്ക് പരുക്കേറ്റതായാണ് കരുതുന്നത്. എന്നാല്‍ ഈ വിവരം പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

റിസോര്‍ട്ടിലെത്തിയ മാവോയിസ്റ്റുകള്‍ ഹോട്ടല്‍ ജീവനക്കാരോട് പണം ആവശ്യപ്പെടുകയും, ഹോട്ടൽ അധികൃതർ പണം നൽകാൻ കൂട്ടാക്കാതെവരുകയും ഉടുവിൽ വാക്കുതർക്കം ഉണ്ടായതോടെ അവിടെ ഉണ്ടായിരുന്ന ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാവോയിസ്റ്റുകളെ തിരിച്ചറിഞ്ഞ് കേരള പൊലീസിന്റെ സായുധസേനാ വിഭാ​ഗമായ തണ്ടർ ബോൾട്ടിനെ വിവരം അറിയിക്കുകയായിരുന്നു.

തണ്ടര്‍ബോള്‍ട്ട് സംഘം എത്തിയതോടെ ഇരുകൂട്ടരും വെടിവെപ്പ് തുടങ്ങുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുന്നുവെന്നാണ് വിവരം. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച പൊലീസ് വയനാട്-കോഴിക്കോട് ദേശീയപാതയിലെ ഗതാഗതം തടഞ്ഞിട്ടുണ്ട്.