തിരുവനന്തപുരം: കവിയും സാമൂഹ്യ, പരിസ്ഥതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി അന്തരിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണത്തിലിരിക്കെയായിരുന്നു അന്ത്യം.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ.
അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്.
ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. തിരുവനന്തപുരം ജവഹർ ബാലഭവന്റെ പ്രിൻസിപ്പൽ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് മാസിക പത്രാധിപർ, സംസ്‌ഥാന വനിതാ കമ്മിഷൻ അധ്യക്ഷ, പ്രകൃതി സംരക്ഷണസമിതി സെക്രട്ടറി, നവഭാരതവേദി വൈസ്‌പ്രസിഡന്റ്, കൺസ്യൂമർ പ്രൊട്ടക്‌ഷൻ സൊസൈറ്റിയുടെ പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, കേരള ഫിലിം സെൻസർ ബോർഡ് അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചു.
2006 ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും ലഭിച്ചു. 1960-ല്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പി’ എന്ന കവിതാസമാഹാരമാണ് സുഗതകുമാരിയുടെ ആദ്യകവിതാസമാഹാരം. പാതിരാപ്പൂക്കൾ പാവം പാവം മാനവഹൃദയം, പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, ദേവദാസി, മണലെഴുത്ത്, അഭിസാരിക, സുഗതകുമാരിയുടെ കവിതകൾ, മേഘം വന്നുതോറ്റപ്പോൾ, പൂവഴി മറുവഴി, കാടിന്കാവൾ, തുടങ്ങി ധാരാളം കൃതികൾ; മലയാള സാഹിത്യത്തിന് ആ തൂലികയിൽ; നിന്നും ലഭിച്ചു.
വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായിരുന്ന പരേതനായ ഡോ. കെ വേലായുധനായരായിരുന്നു ഭർത്താവ്. ലക്ഷ്മി ഏകമകളാണ്. സഹോദരിമാരായ ഡോ. ഹൃദയകുമാരി, ഡോ. സുജാതാദേവി എന്നിവർ സാഹിത്യ-സാംസ്ക്കാരിക, വിദ്യാഭ്യാസ മേഖലയിൽ, കവയിത്രിയ്ക്കൊപ്പം തന്നെ വളർന്നവരായിരുന്നു.