യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് നിബന്ധനകളിൽ ഇളവ്; എസ്റ്റോണിയയിൽ തൊഴിലവസരം

0

ടാലിന്‍: യൂറോപ്യന്‍ യൂണിയൻ ബ്ലൂ കാർഡ് ചട്ടങ്ങളിൽ ഇളവുമായി എസ്റ്റോണിയ. രാജ്യത്ത് നികത്താനാവാതെ കിടക്കുന്ന ഒഴിവുകൾ യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള രാജ്യങ്ങളിലെ പൗരന്‍മാരെ ഉപയോഗിച്ച് നികത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ ജോലി ചെയ്യാനും താമസിക്കാനും ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളിലെ പൗരൻമാർക്കു നൽകുന്ന റെസിഡൻസ് പെർമിറ്റാണ് ബ്ലൂ കാർഡ്.

വിവിധ മേഖലകളില്‍ കടുത്ത തൊഴിലാളി ക്ഷാമമാണ് രാജ്യം നേരിടുന്നത്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവര്‍ക്കും അഞ്ച് വര്‍ഷം നിര്‍ദിഷ്ട മേഖലയില്‍ തൊഴില്‍ പരിചയമുണ്ടെങ്കില്‍ എസ്റ്റോണിയയില്‍ ഇയു ബ്ലൂ കാര്‍ഡിന് അപേക്ഷിക്കാവുന്ന തരത്തിലാണ് ചട്ടങ്ങൾ ഭേദഗതി ചെയ്തിരിക്കുന്നത്.

മുന്‍പ് യൂണിവേഴ്സിറ്റി യോഗ്യത ഉള്ളവര്‍ക്കു മാത്രമാണ് അപേക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നത്. അതും ഒരു വര്‍ഷത്തെ തൊഴില്‍ കരാറില്‍ രാജ്യത്തെത്തുന്നവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ തൊഴില്‍ കാലാവധി ആറു മാസമായി നിജപ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ നഷ്ടപ്പെട്ടാലും, രണ്ടു വര്‍ഷത്തില്‍ താഴെയായി ബ്ലൂ കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് മൂന്നു മാസം കൂടി തൊഴില്‍ അന്വേണത്തിനായി എസ്റ്റോണിയയില്‍ തുടരുകയും ചെയ്യാവുന്ന വിധത്തിലാണ് മാറ്റം. രണ്ടു വര്‍ഷത്തില്‍ കൂടുതലായി ബ്ലൂ കാര്‍ഡ് ഉള്ളവര്‍ക്ക് ആറു മാസവും തുടരാം. ഇതു സംബന്ധിച്ച ബില്‍ പാര്‍ലമെന്‍റ് പാസാക്കിക്കഴിഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഏതു രാജ്യത്തു നിന്ന് ബ്ലൂ കാര്‍ഡ് എടുത്തവര്‍ക്കും എസ്റ്റോണിയയില്‍ തൊഴിലുടമയെ മാറ്റാനുള്ള അവകാശവും നല്‍കിയിട്ടുണ്ട്.