വ്യാജ കമ്പനികളുടെ പേരില്‍ വിസ കച്ചവടം; പ്രവാസി അറസ്റ്റില്‍

0

ദോഹ: വ്യാജ കമ്പനികളുടെ പേരില്‍ വിസാ കച്ചവടം നടത്തിയ പ്രവാസി ഖത്തറില്‍ അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് നടപടിയെടുത്തത്. ഒരു ലാപ്‍ടോപ് കംപ്യൂട്ടറും 13 എ.ടി.എം കാര്‍ഡുകളും നാല് പേഴ്‍സണല്‍ ഐ.ഡികളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

അന്വേഷണത്തില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ നടപടികള്‍ക്കായി പിടിച്ചെടുത്ത സാധനങ്ങള്‍ ഉള്‍പ്പെടെ ഇയാളെ ജുഡീഷ്യല്‍ അധികൃതര്‍ക്ക് കൈമാറി. അനധികൃത വിസാ കച്ചവടത്തിന് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും 50,000 റിയാല്‍ പിഴയും ലഭിക്കുമെന്ന് നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ പിഴ ഒരു ലക്ഷം റിയാലായി വര്‍ദ്ധിക്കും. ഇത്തരം വ്യാജ വിസാ കച്ചവടക്കാരുമായി ഇടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിയമങ്ങള്‍ പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.