അജ്മാന്: പ്രവാസി വനിതയെയും രണ്ട് പെണ്‍മക്കളെയും യുഎഇയിലെ ഫ്ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അജ്‍മാനിലെ അല്‍ റാഷിദിയയിലാണ് സംഭവം. തുണികൊണ്ട് കഴുത്ത്മുറുക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സ്ത്രീയുടെ ഭര്‍ത്താവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.
വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെ യുവതിയുടെ അമ്മ അജ്‍മാന്‍ പൊലീസുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുഎഇയില്‍ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവര്‍ക്ക് മകളുമായും പേരക്കുട്ടികളുമായും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഫോണില്‍ ലഭിക്കുന്നില്ലെന്നും പറഞ്ഞായിരുന്നു പൊലീസിനെ വിളിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റിലെത്തി പരിശോധിച്ചപ്പോഴാണ് 32കാരിയായ യുവതിയുടെയും 16ഉം 13ഉം വയസ് പ്രായമുള്ള മക്കളുടെയും മൃതദേഹങ്ങള്‍ വെവ്വേറെ മുറികളിലായി കണ്ടെത്തിയത്.
മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയിരുന്നില്ല. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ പൊലീസ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേരെയും കഴുത്തില്‍ തുണികൊണ്ട് മുറുക്കിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. ഫ്ലാറ്റിൽ അടിപിടിയുണ്ടായതിന്റെ ലക്ഷണമുണ്ടെന്നും പോലീസ് പറഞ്ഞു.
ഭര്‍ത്താവ് മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം നടപ്പാക്കിയ കൊലപാതകമാണെന്നാണ് സംശയിക്കുന്നതെന്ന് അജ്മാന്‍ പൊലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് അബ്‍ദുല്ല അഹ്‍മദ് അല്‍ ഹംറാനി പറഞ്ഞു. രാജ്യം വിട്ടുപോകാനുള്ള വിമാന ടിക്കറ്റ് ഇയാള്‍ നേരത്തെ ബുക്ക് ചെയ്തിരുന്നു. ഏഴ് വയസുള്ള മകനെ നേരത്തെ തന്നെ ഇയാള്‍ ഭാര്യാവീട്ടുകാരെ ഏല്‍പ്പിക്കുകയും ചെയ്തു. മകള്‍ക്കും മരുമകനുമിടയില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടില്‍ വഴക്ക് പതിവായതോടെ മരുമകന് മാനസിക അസ്വാസ്ഥ്യങ്ങളുമുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു.
സംഭവദിവസം ഇയാള്‍ ധൃതിയില്‍ ഫ്ലാറ്റ് പൂട്ടി പുറത്തേക്ക് പോകുന്നത് കെട്ടിടത്തിലെ സിസിടിവി ക്യാമറകളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. സ്വന്തമായി കാറുണ്ടായിരുന്നിട്ടും അത് എടുക്കാതെ ടാക്സി വിളിച്ച് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. ഇയാള്‍ രാജ്യം വിട്ട് 11 മണിക്കൂറോളം കഴിഞ്ഞാണ് സ്ത്രീയുടെ അമ്മ പൊലീസുമായി ബന്ധപ്പെട്ടത്. ജുമൈറയിലെ തന്റെ വീട്ടില്‍ എല്ലാ വ്യാഴാഴ്ചയും എത്തിയിരുന്ന മകളും കുടുംബവും വെള്ളിയാഴ്ചയായിട്ടും വരാതായപ്പോഴാണ് സംശയം തോന്നിയത്. ഫോണിലും ലഭിക്കാതെയായപ്പോള്‍ അയല്‍വാസികളോടും അന്വേഷിച്ചു. പിന്നീടാണ് പൊലീസിനെ അറിയിച്ചത്.