വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്

0

ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാൻ സന്ദർശിക്കും. ഒക്റ്റോബർ 16, 17 തീയതികളിൽ നടത്തുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) യോഗത്തിൽ പങ്കെടുക്കാനാണ് സന്ദർശനം.

എസ്‌സിഒ യോഗത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ വിദേശകാര്യ മന്ത്രിയായിരിക്കും നയിക്കുക എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാളാണ് സ്ഥിരീകരിച്ചത്.

എന്നാൽ, എസ്‌സിഒ അംഗരാജ്യങ്ങളിലെ രാഷ്ട്രത്തലവൻമാർ തന്നെയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഇതിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെയാണ് പാക്കിസ്ഥാൻ ക്ഷണിച്ചിരുന്നതും. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി തുടരുന്നതിനാലാണ് പ്രധാനമന്ത്രിക്കു പകരം വിദേശകാര്യ മന്ത്രി യോഗത്തിൽ പങ്കെടുക്കുന്നത്.

ഇന്ത്യയും പാക്കിസ്ഥാനും സഹകരണം തുടരുന്ന അപൂർവം ബഹുരാഷ്ട്ര പ്ലാറ്റ്ഫോമുകളിലൊന്നാണ് എസ്‌സിഒ. ഇരുരാജ്യങ്ങളും പരസ്പരം ഉന്നതോദ്യോഗസ്ഥരെ ഇതിന്‍റെ യോഗങ്ങൾക്ക് അയയ്ക്കാറുണ്ട്.

കഴിഞ്ഞ വർഷം പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലും എത്തിയിരുന്നു.

അംഗരാജ്യങ്ങൾക്ക് ഉഭയകക്ഷി പ്രശ്നങ്ങൾ ഉന്നയിക്കാൻ അനുവാദമില്ലാത്ത വേദി എന്ന നിലയിലാണ് ഇന്ത്യ – പാക്കിസ്ഥാൻ പ്രശ്നം എസ്‌സിഒ യോഗങ്ങൾക്ക് തടസമാകാതെ പോകുന്നത്.

2001ൽ രൂപീകരിച്ച സംഘടനയിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും കൂടാതെ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളും അംഗങ്ങളാണ്. ഭൂമിശാസ്ത്രപരമായ വ്യാപ്തിയും ജനസംഖ്യയും കണക്കിലെടുത്താൽ ലോകത്തെ ഏറ്റവും വലിയ പ്രാദേശിക സംഘടനയാണിത്. യൂറേഷ്യൻ വൻകരയുടെ അഞ്ചിൽ മൂന്ന് ഭാഗവും ലോക ജനസംഖ്യയുടെ പകുതിയും ഇതിൽ ഉൾപ്പെടുന്നു.