വാട്ട്‌സ് ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്ടണ്‍ കൂടി “ഡിലീറ്റ് ഫേസ്ബുക്ക്” വാദക്കാരുടെ കൂടെ ചേര്‍ന്നത് ഫേസ്ബുക്കിനു പണിയായി. പരിഭ്രാന്തരായ നിക്ഷേപകര്‍ ഓഹരികള്‍ പിന്‍വലിക്കുന്നതു മൂലം പോയ രണ്ടു ദിവസം കൊണ്ട് കമ്പനിയുടെ മൂല്യത്തില്‍ 50 ബില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടായതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാജ വാര്‍ത്തകളിന്മേല്‍ അന്വേഷണം നടത്തുന്ന സെലക്റ്റ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി തെളിവു നല്‍കാന്‍ ബ്രിട്ടീഷ് എം പിമാര്‍ ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിനോട് ആവശ്യപ്പെട്ടിരിക്കയാണ്. മൂന്നാമതൊരു കക്ഷി എങ്ങനെ ഫേസ്ബുക്കില്‍ നിന്ന് സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്നും അതിനു കമ്പനിയുടെ അനുവാദമുണ്ടായിരുന്നോ എന്നും ഉള്ള കാര്യങ്ങളില്‍ തെറ്റിദ്ധരിപ്പിച്ചതായി കമ്മിറ്റി തലവന്‍ ഡാമിയന്‍ കോളിന്‍സ് ആരോപിക്കുന്നു.
വിവരങ്ങളുടെ സ്വകാര്യത സംബന്ധിച്ച് 2011-ല്‍ തങ്ങളുമായി ഉണ്ടാക്കിയ കരാര്‍ ഫേസ്ബുക്ക് ലംഘിച്ചോ എന്നതു പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഫെഡറല്‍ ട്രേഡ് കമ്മിഷന്‍. ഗ്ലോബല്‍ സയന്‍സ് റിസര്‍ച്ച് എന്ന സ്ഥാപനം 50 മില്യണ്‍ ഫേസ്ബുക്ക് പ്രൊഫൈലുകള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്കയ്ക്കു കൈമാറി എന്ന ഗുരുതര ആരോപണമാണ് ഫേസ്ബുക്കിനെ വെട്ടിലാക്കിയത്.