ആത്മഹത്യ തടയാനുള്ള ഫെയ്‌സ്ബുക്ക് ടൂള്‍ ഇനി ഇന്ത്യയിലും. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ആത്മഹത്യാ കുറിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അടിയന്തര സഹായം ലഭ്യമാക്കാന്‍ അവസരമൊരുക്കുന്ന സംവിധാനമാണിത്. പോസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇടപെടലിനായി ഫെയ്‌സ്ബുക്കിലെ ഹെല്‍പ് ലൈനിനെ സമീപിക്കാനോ അടുത്ത സുഹൃത്തിനെ ബന്ധപ്പെടാനോ ഫെയ്‌സ്ബുക്ക് സൂയിസൈഡ് അലാം വഴി സാധിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സംവിധാനം ഇതുവരെ അമേരിക്കയില്‍ മാത്രമായിരുന്നു ലഭിച്ചിരുന്നത്.
ആത്മഹത്യാവാസനയുള്ളവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമയോചിതമായി ഇടപെടാന്‍ വേണ്ട പിന്തുണയും അറിവും ഉപദേശങ്ങളും നല്‍കുന്നതാണ് ഈ ടൂള്‍. ഫെയ്‌സ്ബുക്കും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫോര്‍ഫ്രണ്ട് ഇനൊവേഷന്‍ ഇന്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയിലെ ഗവേഷകരും ചേര്‍ന്നാണ് ഇത് സംവിധാനം ആവിഷ്‌ക്കരിച്ചത്. ഫെയ്‌സ്ബുക്കില്‍ സുഹൃത്ത് ആത്മഹത്യാ സ്വഭാവമുള്ള കുറിപ്പുകളിട്ടാല്‍ ഉടന്‍ തന്നെ ആ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത് വിവരം ഫെയ്‌സ്ബുക്കിനെ അറിയിക്കാം. ഇത്തരം പോസ്റ്റുകള്‍ പരിശോധിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടീം ഫെയ്‌സ്ബുക്കിനുണ്ട്. പോസ്റ്റിലെ ഡ്രോപ്ഡൗണ്‍ മെനു ക്ലിക്ക് ചെയ്ത് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ആത്മഹത്യാ സാധ്യതയുള്ള വ്യക്തി, സഹായത്തിനായി മറ്റൊരു സുഹൃത്തിനെ ബന്ധപ്പെടുക, മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി സൂയിസൈഡ് ഹെല്‍പ് ലൈനിലെ പരിശീലനം സിദ്ധിച്ച വിദഗ്ധരെ ബന്ധപ്പെടുക എന്നീ മൂന്ന് ഒപ്ഷനുകള്‍ ലഭ്യമാകും. ഒപ്പം ഇത്തരം കുറിപ്പുകള്‍ ഇടുന്നവര്‍ പിന്നീട് ലോഗ് ഇന്‍ ചെയ്യുന്നതോടെ സഹായവും പിന്തുണയും മാര്‍ഗനിര്‍ദേശങ്ങളും ഉള്‍പ്പെടുന്ന ഒരു കൂട്ടം സ്‌ക്രീനുകള്‍ സ്വമേധയാ തുറക്കപ്പെടും .
ഇന്ത്യയില്‍ ഫോര്‍ഫ്രണ്ട്, ലൈഫ്ലൈന്‍, സേവ്.ഒആര്‍ജി, ബോളിവുഡ് നടി ദീപിക പദുകോണ്‍ സ്ഥാപിച്ച ദി ലിവ് ലൗവ് ആന്‍ഡ് ലാഫ് ഫൗണ്ടേഷന്‍ എന്നീ സംഘടനകളുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് ഈ പദ്ധതി നടപ്പിലാക്കുക. ബംഗാളി, ഹിന്ദി, കന്നട, മലയാളം, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്കു, ഉര്‍ദു ഭാഷകളില്‍ സേവനം ലഭിക്കും. ഏതെങ്കിലും ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ മാനസിക നിലയില്‍ അയാളുടെ പോസ്റ്റുകള്‍ കണ്ട് സംശയം ഉണ്ടെങ്കില്‍ ഈ സെന്റില്‍ റിപ്പോര്‍ട്ട് ചെയ്യാം.അമേരിക്കയില്‍ പരീക്ഷണം നടത്തിയ പദ്ധതിക്ക് വലിയ പ്രതികരണമാണ് ലഭിച്ചതെന്ന് ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. ഫെയ്‌സ്ബുക്ക് നല്‍കുന്ന കൗണ്‍സിലിങിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ഇത്തരക്കാരെ സഹായിക്കാന്‍ ആക്കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ പ്രതീക്ഷ.