മലയാളത്തിന്റെ പ്രിയ താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന് പിന്നാലെ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ തനിക്കു വേണ്ടി നസ്രിയ വ്യക്തിപരമായ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെടുത്തിയെന്ന് പറയുകയാണ് ഫഹദ്. നസ്രിയ വന്നില്ലായിരുന്നെങ്കിൽ തന്റെ ജീവിതം എന്താകുമായിരുന്നെന്ന് അറിയില്ലെന്നും താരം കുറിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ഫഹദ് നസ്രിയയെ കുറിച്ച് വാചാലനായത്.
ഫഹദിന്‍റെ വാക്കുകള്‍
ഈ കൊറോണയുടെ സമയത്ത് ഇതെഴുതുന്നത് ശരിയാണോ എന്നറിയില്ല. നമുക്ക് കഴിയാവുന്ന തരത്തിൽ എല്ലാവരും മുന്നോട്ട് പോരാടുകയാണ് എന്ന വിശ്വാസത്തിൽ ഞാൻ എഴുതട്ടെ. മലയാൻ കുഞ്ഞിന്റെ ചിത്രീകരണ സമയത്ത് സംഭവിച്ച ഒരു അപകടത്തിൽ നിന്നു ഞാനും ഭേദപ്പെട്ടു വരികയാണ്. എന്റെ കലണ്ടറിൽ ലോക്ഡൗൻ ആരംഭിച്ചത് മാർച്ച് 2 നാണ്. അതൊരു “അവസാനം” ആവേണ്ടതായിരുന്നു എന്നാണ് എന്റെ ഡോക്ടർമർ പറഞ്ഞത്. വീഴ്ചയിൽ എന്റെ കൈകൾ നിലത്ത് കുത്തിയത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തിൽ 80% ആൾക്കാരും മറക്കുന്ന കാര്യം ആണത്. അതു കൊണ്ടാണ് ഞാൻ രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. അതെനിക്ക് പുനർ ജൻമം ആയിരുന്നു.
ഈ ഒരു അപ്രതീക്ഷിത സമയത്ത് എന്നും എന്റെ കൂടെ നിന്നിട്ടുള്ള പ്രേക്ഷകരോട് ഒരു വിശദീകരണം തരണമെന്ന് എനിക്ക് തോന്നി. മാലിക് എന്ന സിനിമയുടെ അണിയറ പ്രവർത്തകർ സിനിമ ഒടിടി റിലീസ് നടത്താൻ തീരുമാനിച്ച വിവരം ഞിങ്ങളെ അറിയിക്കുകയാണ്. എന്റെ മറ്റ് ഒടിടി പടങ്ങളിൽ നിന്ന് വ്യത്യസ്തമായി തീർത്തും തിയേറ്റർ അനുഭവത്തിനു വേണ്ടി ചിത്രീകരിച്ച സിനിമയാണിത്. അത് കൊണ്ട് എല്ലാവരും സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ ഒന്നായി ഈ തീരുമാനത്തെ കാണണമെന്ന് അപേക്ഷിക്കുന്നു. തീയറ്ററുകൾ 100% തുറന്നതിനു ശേഷം മാത്രം കാണിക്കാൻ ഞാൻ കാത്തിരുന്ന സിനിമയാണിത്. പക്ഷെ അത് വരെ ഇനി കാത്തിരിക്കാൻ പറ്റില്ല. ഈ അവസരത്തിൽ എനിക്ക് നൽകാൻ പറ്റുന്ന മറ്റൊരു ഉറപ്പ്, തീയറ്ററുകൾ തുറന്നതിനു ശേഷം ഏറ്റവും പുതിയതും മികച്ചതുമായ ഒരു അനുഭവം സമ്മാനിക്കുന്ന സിനിമ നൽകാൻ കഴിയും എന്നതാണ്.
ബാംഗ്ലൂർ ഡേയ്സ് എന്ന സിനിമയുടെ ഏഴാം വാർഷികവും നല്ല ഓർമകൾ സമ്മാനിക്കുന്നു. നസ്രിയയെ ഇഷ്ടപ്പെടുന്നതും ഒരുമിച്ചൊരു ജീവിതം ആരംഭിക്കുന്നതും എല്ലാം. ഒരു കത്തും ഒപ്പം മോതിരവും നൽകിയാണ് എന്റെ ഇഷ്ടം നസ്രിയയെ അറിയിച്ചത്. നസ്രിയ യെസ് പറഞ്ഞില്ല നോ എന്നും പറഞ്ഞില്ല. ബാംഗ്ലൂർ ഡെയ്സിൽ അഭിനയിക്കുമ്പോൾ ഞാൻ മറ്റു രണ്ടു സിനിമകളിൽ കൂടി അഭിനയിക്കുന്നുണ്ടായിരുന്നു. മൂന്ന് സിനിമകളിൽ അഭിനയിക്കുകയെന്നത് ആത്മഹത്യാപരമാണ്. പക്ഷേ അപ്പോഴും ഞാൻ ബാംഗ്ലൂർ ഡെയ്സ് ലൊക്കേഷനിലേക്ക് തിരികെ പോകാൻ കാത്തിരുന്നു.
എനിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ചതിനാൽ നസ്രിയ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ വേണ്ടെന്നു വച്ചിട്ടുണ്ട്. ഞങ്ങൾ വിവാഹിതരായിട്ട് ഏഴ് വർഷമായി. ഇപ്പോഴും ഞാൻ ടിവിയുടെ റിമോട്ട് ബാത്ത് റൂമിൽ മറന്നു വയ്ക്കുമ്പോൾ ‘നിങ്ങളാരാണെന്നാണ് നിങ്ങളുടെ വിചാരം?’ എന്ന ചോദ്യം വീണ്ടും നസ്രിയ ചോദിക്കും. കഴിഞ്ഞ ഏഴു വർഷം എനിക്ക് ഞാൻ അർഹിക്കുന്നതിലും കൂടുതൽ ലഭിച്ചു. ഞങ്ങൾ ഒന്നിച്ചു ജോലി ചെയ്യുന്നു, പരസ്പരം പിന്തുണയ്ക്കുന്നു ഒന്നിച്ചൊരു കുടുംബമായി കഴിയുന്നു.
നസ്രിയയ്ക്കൊപ്പം ജീവിതം തുടങ്ങിയ ശേഷമാണ് എനിക്ക് നേട്ടങ്ങൾ ഉണ്ടായി തുടങ്ങിയത്. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് ചെയ്തതല്ല. നസ്രിയയ്ക്ക് ഞങ്ങളെ കുറിച്ച് അത്ര ഉറപ്പ് ഇല്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം എന്താകുമായിരുന്നു എന്ന് ഓർക്കുകയാണ്.
എല്ലാ അവസാനങ്ങളും മറ്റൊരു മനോഹരമായ കഥയുടെ തുടക്കമായിരിക്കുമെന്നും ഇപ്പോള്‍ കടന്നുപോകുന്ന മോശം സാഹചര്യം ഉടന്‍ അവസാനിക്കുമെന്നും ഫഹദ് കുറിക്കുന്നു. മറ്റൊരു നല്ല തുടക്കം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് ഫഹദ് കുറിപ്പ് അവസാനിപ്പിക്കുന്നത്.