കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായി സമരം ചെയ്യുന്ന കർഷകർ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ബന്ദ്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന ഒഴിവാക്കിയിട്ടുണ്ട്. അതിര്‍ത്തികളില്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഭാരത് ബന്ദ്.
കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്.
രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ഥിച്ചു. ഭാരത് ബന്ദ് പൂര്‍ണമായും സമാധാനപരമായിരിക്കും. എന്നാല്‍ ബന്ദില്‍ റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് ഒപ്പം അണിചേരുമെന്നും സംഘടനാനേതാക്കള്‍ വ്യക്തമാക്കി.
എന്നാൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് കേരളത്തെ ബാധിക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയത്.