ഫാഷൻ – സിനിമയിലും ജീവിതത്തിലും

0

സിനിമകളും ഫാഷൻ മാഗസിനുകളും ചാനലുകളും ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുമെല്ലാം വന്ന് കൈപിടിക്കുമ്പോൾ ഫാഷൻ ലോകത്ത് അനുനിമിഷം അരങ്ങേറുന്ന അപ്‌ഡേഷൻസെല്ലാം നോക്കാതിരിക്കാൻ തരമില്ലല്ലോ ശരാശരി മലയാളിക്ക്..ശരിക്കും ഒന്ന് ആലോചിച്ചു നോക്കൂ,സിനിമ വഴി നമ്മുടെ ജീവിതരീതികളിലും വസ്ത്രധാരണത്തിലുമെല്ലാം എന്തെല്ലാം മാറ്റങ്ങളാണ് കഴിഞ്ഞ അരനൂറ്റാണ്ട് കൊണ്ട് സംഭവിച്ചിരിക്കുന്നത്??

1970കളുടെ ആദ്യ പകുതിയിലായിരുന്നു അത് സംഭവിച്ചത്.പി.ഭാസ്‌ക്കരൻ സംവിധാനം ചെയ്ത #കള്ളിച്ചെല്ലമ്മ എന്ന സിനിമയിൽ അഴിഞ്ഞ മുടിയും വാരിക്കെട്ടിയ മുണ്ടുമുടുത്ത് #ഷീല അവരുടെ കൊച്ചു കുടിലിൽ നിന്നിറങ്ങി വന്നപ്പോൾ കൊട്ടകയിൽ അന്ന്,ആ സിനിമ കണ്ടുകൊണ്ടിരുന്ന സ്ത്രീകളുടെ മനസ്സിൽ പതിഞ്ഞത് ഷീലയുടെ പുള്ളിക്കുത്തുകളുള്ള അതിമനോഹരമായ ബ്ലൗസായിരുന്നു.അകന്നു പോകുന്ന തന്റെ കാമുകനെ നോക്കി പുഴയോരത്ത് നിന്ന് ഷീല നെടുവീർപ്പിട്ടപ്പോഴും കാഴ്ചക്കാർ ഷീല ധരിച്ച ബ്ലൗസിൽ നിന്ന് കണ്ണെടുത്തതേയില്ല.പെണ്ണിന്റെ അഴകളവുകളെ എടുത്ത് കാണിക്കുകയും ബ്ലൗസുകളിൽ ഡിസൈനുകൾ ചന്തം ചാർത്തുകയും ചെയ്യുന്ന ഫാഷനിലേക്ക് ആ സിനിമയോടെ കേരളം മെല്ലെ തിരിഞ്ഞു തുടങ്ങുകയായിരുന്നു.സിനിമകളുടെ ചുവട് പിടിച്ച് മലയാളികളുടെ വസ്ത്രങ്ങളിലെ അഭിരുചികൾ പതിയെ മാറിമറിയാൻ തുടങ്ങുകയായിരുന്നു.അതിനനുസരിച്ച് പിൽക്കാലത്ത് സാരിയിലും മാറ്റങ്ങൾ വന്നു.കോട്ടണും സിൽക്കും കാഞ്ചീപുരവും ബനാറസ്സും ചേർന്ന് കേരളത്തെ മെല്ലെ പട്ടുടുപ്പിച്ചു.

70കളുടെ അവസാനമാണ് സാരികളിൽ പൂക്കൾ വിരിഞ്ഞു തുടങ്ങിയത്.കറുപ്പ്‌ പുള്ളികളുള്ള സാരികളണിഞ്ഞ് ഷീലയും ജയഭാരതിയുമടക്കമുള്ള നായികമാർ മാറി മാറി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.കടുംനിറമുള്ള സാരി ചുറ്റി അന്നത്തെ നായികമാർ വന്നപ്പോൾ അക്കാലത്തെ യുവതികളുടെയും കോളേജ് കുമാരിമാരുടെയും ഉള്ളം തുടിച്ചു.കല്യാണം തൊട്ട് പെണ്ണുകാണൽ വരെയുള്ള ചടങ്ങുകൾക്ക് അവർ സാരിയെ കൂട്ടുപിടിക്കാൻ തുടങ്ങി.പൊതുവേ ഇത്തിരി തടി കൂടുതലായിരുന്നു അന്നത്തെ നായികമാർക്കെല്ലാം തന്നെയും.അക്കാരണം കൊണ്ട് തന്നെ ശരീരത്തോട് ഒട്ടി നിൽക്കുന്ന ജോർജെറ്റും ഷിഫോണും അവരുടെ അഴകളവുകൾക്ക് തിരശ്ശീലകളിൽ മനോഹാരിത പകർന്നു.സ്ത്രീകളുടെ വസ്ത്രധാരണത്തിന്റെ പകിട്ട് കണ്ട് പലപ്പോഴും ആണുങ്ങൾ അന്തം വിട്ട് നോക്കിനിന്നു.പരമ്പരാഗതവസ്ത്രമായി അന്നോളം വിലസിയിരുന്ന മുണ്ടും നേര്യതും പതിയെ പതിയെ സിനിമയിൽ നിന്ന് അപ്രത്യക്ഷമായി തുടങ്ങി.ഫോറിൻ സാരിയും ഇസ്തിരി വടിവിൽ മുഖം ചുളുക്കാതെ വന്ന ഓർഗാന്റി സാരിയും മലയാളി പെണ്ണുങ്ങളുടെ മനസ്സിലേക്ക് ചേക്കേറി.80കളിലാണ് ശാലീന സൗന്ദര്യത്തിന്റെ മൂർത്തിമദ്ഭാവത്താൽ മലയാളികളെ വിസ്മയിപ്പിച്ച #ശാന്തികൃഷ്ണയേയും #കാർത്തികയേയും പോലുള്ള കൃശഗാത്രികളായ നടികൾ മലയാളസിനിമ കയ്യടക്കുന്നത്.തങ്ങളുടെ അനുപമഭവങ്ങൾ കൊണ്ട് അവർ മലയാളി യുവാക്കളുടെ മനസ്സിൽ പ്രണയത്തിന്റെ നവഭാവങ്ങൾ സൃഷ്ടിച്ചു.ആതോടെ മെലിഞ്ഞ ശരീരപ്രകൃതി ഉള്ള പെൺകുട്ടികൾ യുവാക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറി.മെലിഞ്ഞവർക്കൊപ്പം ഓർഗാന്റി സാരികളും അക്കാലത്ത് തരംഗം തീർത്തു.

1980-90 കഴിഞ്ഞപ്പോഴാണ് മലയാളി സ്ത്രീകൾ വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അടിമുടി മാറുന്നത്.ശരിക്കും നിറങ്ങളുടെ ഉത്സവകാലമായിരുന്നു മലയാളി യുവതികളെ സംബന്ധിച്ചിടത്തോളം ആ കാലഘട്ടം.മാറി മാറി വരുന്ന ട്രെൻഡുകളും മായ്ക്കാത്ത കോസ്റ്റ്യൂം ഓർമകളും പല നായികമാരും അക്കാലത്ത് മലയാളസിനിമക്ക് സമ്മാനിച്ചിട്ടുണ്ട്.അക്കൂട്ടത്തിൽ ആദ്യം വരുന്ന പേരാണ് നാദിയ മൊയ്തുവിന്റേത്.#നോക്കെത്താദൂരത്ത്കണ്ണുംനട്ട് എന്ന ഫാസിൽ സിനിമ വഴി മലയാളസിനിമയിലേക്ക് അക്കാലത്ത് നാദിയ മൊയ്തു ഒരു വരവ് വന്നു.വെറുമൊരു വരവായിരുന്നില്ല അത്,ശരിക്കും ഒരു ഒന്നൊന്നര വരവ് തന്നെയായിരുന്നു.നാദിയ മൊയ്തുവിന്റെ വരവോട് കൂടിയാണ് ശരീരം മൊത്തം മൂടിയ ചുരിദാറിന്റെ പാറ്റേൺ മലയാളി പെണ്ണുങ്ങൾക്ക് പിടി കിട്ടുന്നത്.പാവാടയും ബ്ലൗസും മിഡിയുമൊക്കെ മാറ്റി സ്ത്രീകൾ ചുരിദാറിലേക്ക് കയറി നിന്നു.ബോംബെയുൾപ്പടെയുള്ള സ്ഥലങ്ങളിലായിരുന്നു അന്ന് വ്യാപകമായി ചുരിദാർ ഉപയോഗിച്ചിരുന്നത്.അതിന്റെ ഘടനയിൽ കാതലായ ചില മാറ്റങ്ങൾ വരുത്തിയും ലൂസ് നന്നായി കുറച്ച് ഫാഷൻ പോലെയാക്കിയുമാണ് വസ്‌ത്രാലങ്കാരകൻ വേലായുധൻ കീഴില്ലം നാദിയയെ ഈ സിനിമയിൽ അവതരിപ്പിച്ചത്.(ഇന്നലെ അന്തരിച്ച വേലായുധൻ കീഴില്ലത്തെ ഈ അവസരത്തിൽ ഓർത്തെടുക്കുന്നു🌹🌹)നാദിയ മൊയ്തുവിന്റെ കോസ്റ്റ്യൂം അന്ന് കേരളമെങ്ങും വൻ ഹിറ്റായി.കോളേജുകളിൽ ഇത്തരം വസ്ത്രങ്ങൾ വലിയ തരംഗമായി മാറി.വലിയ കൂളിംഗ് ഗ്ലാസും,ചീകി കെട്ടിയ മുടിയുമായി കോളേജ് കുമാരികൾ ക്യാംപസിൽ ചെത്തി നടന്നു.സ്ലീക് സൽവാർ കട്ട്,പ്രത്യേകതയുള്ള ദുപ്പട്ടാ ഡ്രേപിങ്,ടോപ്പ് നോട്ട് ഹെയർസ്റ്റൈൽ അങ്ങനെ അങ്ങനെ ശക്തമായ ഫാഷൻ സ്റ്റേറ്റ്മെന്റ് മലയാളികൾക്ക് സമ്മാനിച്ച നടിയായിരുന്നു #നാദിയമൊയ്തു.ഒരു വശത്ത് ഞൊറിഞ്ഞു കുത്തിയ ദുപ്പട്ട,മറുവശത്ത് രണ്ടു തുമ്പുകളും കെട്ടി ഷോൾഡറിൽ വച്ചാൽ അക്കാലത്തെ നാദിയ സ്റ്റൈലായി മാറി.മുടി ഉയർത്തി കെട്ടി,വലിയ കറുത്ത പൊട്ടു കുത്തിയ എത്രയോ സുന്ദരിമാരാണ് ആ കാലത്ത് ഡ്യൂപ്ലിക്കേറ്റ് നാദിയമാരായി ക്യാംപസുകളിൽ വിലസിയത്.ഫാസിലിന്റെ തന്നെ സംവിധാനത്തിൽ 1991ൽ പുറത്തിറങ്ങിയ #എന്റെസൂര്യപുത്രിക്ക് എന്ന സിനിമയിലൂടെ #അമല എന്ന നടിയും മലയാളത്തിൽ അരങ്ങേറി.വയർ ഭാഗത്ത് കെട്ടിട്ട ചെക്ക് ഷർട്ടും ഹൈ വെയ്സ്റ്റ് ജീൻസുമുള്ള അവരുടെ വേഷവിധാനം സ്കൂളുകളിലും ക്യാംപസുകളിലും എത്രയോ പേരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്.ഫാസിൽ തന്നെ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിലെ ശോഭനയുടെ വിവിധങ്ങളായ വേഷവിധാനങ്ങളും അക്കാലത്ത് ശ്രദ്ധേയമായിരുന്നു.സ്വന്തം ശരീരമറിഞ്ഞുള്ള സ്റ്റൈൽസെൻസാണ് ഇത്തരം നടിമാരുടെ വേഷവിധാനങ്ങൾക്ക് അന്ന് സ്വന്തമായൊരു ഐഡന്റിറ്റി ഉണ്ടാക്കിത്തീർത്തത്(തന്റെ സിനിമകളിലെ നായികമാരുടെ വേഷവിധാനങ്ങളെല്ലാം ഹിറ്റാക്കിയ സംവിധായകൻ എന്ന ക്രെഡിറ്റിന്,ഒരുപക്ഷേ ഫാസിലിനോളം യോഗ്യതയുള്ള സംവിധായകർ മലയാളത്തിൽ മറ്റാരുമില്ലെന്ന് തോന്നുന്നു)

രണ്ടായിരത്തിന് തൊട്ട് മുമ്പ് വരെയുള്ള നമ്മുടെ സൗന്ദര്യസങ്കല്പങ്ങളിൽ മുടിയിൽ ചെറിയൊരു തുളസിക്കതിരും നെറ്റിയിൽ വലിയൊരു ചന്ദനക്കുറിയും നിറഞ്ഞു നിന്നിരുന്നു.എന്നാൽ 2000ത്തിന് ശേഷമുള്ള മലയാളിയുടെ ഫാഷൻ സങ്കല്പങ്ങളിൽ അടിമുടി മാറ്റങ്ങൾ വന്നു തുടങ്ങി.പ്രധാനമായും ഹിന്ദി സിനിമകളുടെ സ്വാധീനമായിരുന്നു ഇതിന് പിന്നിൽ പ്രവർത്തിച്ചത്.നാട്ടിൻപുറങ്ങളിലെ കട കട ശബ്ദത്തെ ചുറ്റിപ്പറ്റിയുള്ള ദീർഘമായുള്ള കാത്തിരിപ്പുകൾ പതിയെ അപ്രത്യക്ഷമായിത്തുടങ്ങി.കഴുത്തിലൊരു ടേപ്പും ചുറ്റി,തയ്യൽക്കാരൻ ഒരു സ്റ്റൂളിൽ ഞെളിഞ്ഞിരുന്ന്..ആളുകൾ അയാൾക്ക് ചുറ്റും വട്ടം കൂടിയിരുന്ന കാലവും ഒപ്പം ചുരിദാറിന് അളവെടുത്ത് തയ്ച്ചു കൊണ്ടിരുന്ന ഓർമകളും അതിവേഗം വിസ്മൃതിയിലേക്ക് മറഞ്ഞു.ഷർട്ടും പാന്റും ചുരിദാറുമെല്ലാം അന്നോളം തയ്ച്ച് ഉപയോഗിച്ചവർ ബ്രാൻഡുകളിലേക്ക് മൂക്കും കുത്തി വീണു.ഫ്രീ സൈസ് സാധനങ്ങൾ വിപണിയിൽ വരാനും ബ്രാൻഡഡ് സാധനങ്ങൾ ഉപയോഗിക്കാനും മലയാളി പതിയെ ശീലിച്ചു തുടങ്ങി.ക്യാംപസുകളിലും മാറ്റത്തിന്റെ കാലം അലയടിച്ചു തുടങ്ങി.മിഡിയും ടോപ്പും ഫ്രോക്കും ചോളിയും ലാച്ചയുമെല്ലാം ഇതിനിടെ മിന്നി മാഞ്ഞു പോയി.ഇതിന് പിന്നാലെ ജീൻസ് വന്നു.അത് മാത്രം കാലത്തെ അതിജീവിച്ച് ഇന്നും നിൽക്കുന്നു.ഫിറ്റിലും വെയ്സ്റ്റിലും സ്റ്റൈലുകൾ ഇപ്പോഴും ജീൻസിൽ മാറി കൊണ്ടിരിക്കുന്നുവെന്നുവെന്ന് മാത്രം

സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സിനിമയിലെ നായകനടന്മാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ ഉപയോഗിച്ച് പണ്ട് മുതൽക്കേ ഫാഷനബിൾ ആകാൻ ശ്രമിച്ചിട്ടുണ്ട്.പ്രേം നസീർ തൊട്ട് ദുൽഖർ സൽമാൻ വരെയുള്ളവർ ഇക്കാര്യത്തിൽ മലയാളികൾക്ക് മാർഗ്ഗദർശ്ശികളാകുന്നു.സിനിമകളിൽ വന്നു പോയ സാരികളും ചുരിദാറുകളുമൊക്കെ സ്ത്രീകൾക്കിടയിൾ ട്രെൻഡായത് പോലെ,പുരുഷന്മാരുടെ കാര്യത്തിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് ഉണ്ട്.#പ്രേംനസീറിന്റെ വസ്ത്രധാരണം അക്കാലത്ത് യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു.എന്നിരുന്നാലും #ജയൻ തന്നെയായിരുന്നു ഒരു ഫാഷൻ ഐക്കൺ എന്ന നിലയിൽ യുവാക്കൾക്കിടയിൽ അക്കാലത്ത് അവരോധിക്കപ്പെട്ടത്.തന്റെ,നല്ല കാലത്ത് കേരളത്തിലുടനീളം അംഗീകരിക്കപ്പെട്ട ഫാഷന്‍ ഐക്കൺ തന്നെയായിരുന്നു ജയന്‍.ആകാരഭംഗി എടുത്തു കാട്ടുന്ന വസ്ത്രധാരണം ജയന്റെ സ്റ്റാര്‍ഡം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുമുണ്ട്.ചുവന്ന ഷര്‍ട്ടും വെളുത്ത പാന്റും കറുത്ത ലതര്‍ ബല്‍റ്റും ഷൂസുമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവസ്ത്രം.ബെല്‍ബോട്ടം പാന്റും സ്യൂട്ടും കോട്ടും ഇത്ര മനോഹരമായി ഇണങ്ങുന്ന മലയാളി നടന്മാർ അന്ന് അധികമുണ്ടായിരുന്നില്ല.കോട്ടിനടിയില്‍ കളര്‍ഫുള്ളായ..വീതിക്കോളറുള്ള ഷര്‍ട്ട് അദ്ദേഹത്തിന് അക്കാലത്ത് വലിയ ഗെറ്റപ്പ് നല്‍കിയിരുന്നു.

നല്ല ആകാര വടിവ് ഉള്ളത് കൊണ്ട് തന്നെ ജയന് എല്ലാ തരം വസ്ത്രങ്ങളും നന്നായി ഇണങ്ങുമായിരുന്നു.മിമിക്രിക്കാര്‍ പിൽക്കാലത്ത് ഒരുപാട് അപഹസിച്ചെങ്കിലും മാറുന്ന കാലത്തെ സൗന്ദര്യസങ്കൽപം തന്നെയായിരുന്നു അദ്ദേഹം.2000ത്തിന്റെ ആദ്യം മുതൽക്ക് ജയൻ വീണ്ടും കേരളത്തിൽ തരംഗമായതിനും നാം സാക്ഷ്യം വഹിച്ചു.ജയൻ സിനിമകളുടെ റീ-റിലീസിന് പുറമേ നാടൊട്ടുക്കും ജയൻവേഷധാരികളെ കൊണ്ട് നിറഞ്ഞു.കടും നിറത്തിലുള്ള,വലിഞ്ഞു മുറുകിയ ഷർട്ടിൽ വെള്ള നിറത്തിലുള്ള വീതിക്കോളറും ഇരുവശത്തും ബട്ടണോട് കൂടിയ പോക്കറ്റുകളും ആ സമയത്ത് ട്രെൻഡായി.യുവാക്കൾ ധരിച്ചിരുന്ന ബെൽറ്റുകളുടെ വീതി കൂടി.ഉറക്കമിളച്ചിരുന്ന് തയ്യൽക്കടക്കാർ ബെൽബോട്ടം പാന്റുകൾ തുന്നിത്തുടങ്ങി.ആ വർഷങ്ങളിലെ കലോത്സവങ്ങളിലും കോളേജ് ഡേകളിലും ത്തരം വേഷവിധാനങ്ങൾ നിറഞ്ഞു നിന്നു.അക്കാലത്തെ ഓണാഘോഷങ്ങളിലെല്ലാം മാവേലിയെക്കാൾ സ്കോർ ചെയ്തതും ജയനായിരുന്നു.ക്രിസ്മസിന് സാന്താക്ലോസുമാർ പലരും പരമ്പരാഗത വേഷം ഉപേക്ഷിച്ച് ബെൽബോട്ടം പാന്റിലേക്ക് ചേക്കേറി.തൊട്ടടുത്ത ന്യൂ-ഇയർ ഈവിന് കൊച്ചിയിൽ പലയിടത്തും ക്രിസ്മസ് പാപ്പാമാർ കത്തിയെരിഞ്ഞത് ജയന്റെ കോസ്റ്റ്യൂമിലായിരുന്നു.ജയന് ശേഷം സുകുമാരൻ,സോമൻ തുടങ്ങി മമ്മൂട്ടി,മോഹൻലാൽ വരെയുള്ള തലമുറകൾ മലയാളി യുവാക്കളുടെ ഫാഷൻ സങ്കൽപങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ടേയിരുന്നു

മലയാളി നടന്മാരുടെ കാര്യമെടുക്കുകയാണെങ്കിൽ ഭൂരിപക്ഷം സമയത്തും മുണ്ട് കൊണ്ടാണ് നായകൻമാർ ഇവിടെ തരംഗം തീർത്തിട്ടുള്ളത് എന്ന് കാണാം.മുണ്ടുകൊണ്ട് കേരളത്തിൽ ട്രെൻഡ് തീർത്തവരിൽ പ്രഥമസ്ഥാനീയർ മമ്മൂട്ടിയും മോഹൻലാലും തന്നെ.അഭിനയിച്ച വിവിധങ്ങളായ സിനിമകളിൽ തങ്ങൾ ധരിച്ച മുണ്ടുകൾ കൊണ്ട് അവർ കേരളീയ യുവത്വത്തെ പലപ്പോഴായി ത്രസിപ്പിച്ചിട്ടുണ്ട്.മോഹൻലാലിന്റെ കാര്യമെടുക്കുകയാണെങ്കിൽ ഷാജി കൈലാസ്–രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നരസിംഹത്തിലാണ് അദ്ദേഹം പല വിധത്തിലുള്ള മുണ്ടുകളിൽ പ്രത്യക്ഷപ്പെട്ടത്.കറുപ്പും കാവിയും ചാരനിറത്തിലുമുള്ള ഒറ്റമുണ്ടുകൾ ധരിച്ചാണ് അക്കാലത്ത് മോഹൻലാൽ,ആരാധകഹൃദയങ്ങൾ കീഴടക്കിയത്.സിനിമ വൻ വിജയമായതോട് കൂടി നരസിംഹം മുണ്ടുകൾ എന്ന പേരിൽ ഇത്തരം കളർഫുൾ മുണ്ടുകൾ വൻകിട വ്യാപാരസ്ഥാപനങ്ങളിൽ വിൽപനയ്ക്ക് എത്തിയിരുന്നു.നരസിംഹത്തിന് മുൻപും പിൻപും മോഹൻലാലിന്റെ വിവിധങ്ങളായ വേഷവിധാനങ്ങൾ ഇത്തരത്തിൽ ചർച്ചാവിഷയമായിട്ടുണ്ട്

മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളിൽ ഒന്നായ രാജമാണിക്യത്തിൽ,അദ്ദേഹം ധരിച്ച കളർഫുൾ മുണ്ടുകളാണ് സിനിമയ്ക്കൊപ്പം ഹിറ്റായത്.സ്വർണാഭരണങ്ങളും കൂളിങ് ഗ്ലാസും കളർഫുൾ ജുബ്ബയ്ക്കുമൊപ്പമാണ് പല നിറത്തിലുള്ള ഒറ്റ മുണ്ടുടുത്ത്,മമ്മൂട്ടി സിനിമയിൽ എത്തിയത്.സിനിമ വലിയ ഹിറ്റായതോടെ മുണ്ടുകൾക്കും ആവശ്യക്കാർ ഏറെയുണ്ടായി.രാജമാണിക്യം മുണ്ടുകൾ എന്ന പേരിൽ തന്നെ ബ്രാൻഡ് ചെയ്ത് ഇവ അക്കാലത്ത് വിപണിയിൽഎത്തുകയും ചെയ്തു.ഫാഷൻ ലോകത്ത് മമ്മൂട്ടിയോളം ട്രെൻഡ് തീർത്ത മലയാളി നടൻമാർ വേറെയുണ്ടെന്ന് തോന്നുന്നില്ല.ക്രോണിക് ബാച്ചിലറിലെ ഹെയർ സ്റ്റൈൽ,ദുബായ് യിലെ കളർഷർട്ടുകൾ,കിംഗിലെ ഷർട്ടുകൾ,ബിഗ് ബിയിലെ ജീൻസ് With ചെയിൻ തുടങ്ങി നിരവധിയായ ട്രെൻഡുകൾ,വിവിധങ്ങളായ കാലഘട്ടത്തിൽ മലയാളത്തിൽ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്

ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലെ ജയസൂര്യയുടെ വേഷവും കുറച്ച് വർഷം മുമ്പ് ചെറുപ്പക്കാർ ഏറ്റെടുത്തിരുന്നു.ഇപ്പോഴും ആ വേഷത്തിന് ആരാധകരേറെ.സ്ഫടികത്തിൽ മോഹൻലാൽ കഥാപാത്രത്തെ അനുസ്മരിപ്പിക്കും വിധം ചുവന്ന കൈലിയും കറുത്ത ജുബ്ബയുമായിരുന്നു സിനിമയിലെ ജയസൂര്യയുടെ വേഷം.ഇറങ്ങിയ സമയത്ത് കാര്യമായ ശ്രദ്ധ നേടാതിരുന്ന സിനിമ,പിന്നീട് ഡിവിഡി പുറത്തു വന്നതോടെ തരംഗമായി മാറുകയായിരുന്നു,ഇതോടെ ഷാജിപാപ്പന്റെ വേഷവും ആരാധകർക്കു പ്രിയപ്പെട്ടതായി.ഷാജി പാപ്പൻ തീർത്ത തരംഗം കെട്ടടങ്ങും മുൻപേ ജോർജ്ജും സംഘവും വന്നു.പ്രേമം സ്റ്റൈൽ നഗരങ്ങളിലാണ് കൂടുതൽ ആഘോഷിക്കപ്പെട്ടതെങ്കിൽ ഷാജിപാപ്പനും പിള്ളേർക്കും ഗ്രാമങ്ങളിലാണു കൂടുതൽ ആരാധകർ ഉണ്ടായത്.ചുവന്ന കൈലിയും കറുത്ത ജുബ്ബയും തമിഴ് സ്റ്റൈലിലെ ജയസൂര്യയുടെ മീശയും അതേപടി അനുകരിച്ച് ഓണത്തിനും ക്രിസ്മസിനുമെല്ലാം ഗ്രാമങ്ങളിലെ മത്സരങ്ങളിൽ യുവാക്കൾ ആവേശത്തോടെ പങ്കെടുത്തു.

കഴിഞ്ഞ 10 വർഷത്തിനിടെ മലയാളി യുവാക്കളുടെ വസ്ത്രധാരണത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ സിനിമ,അത് #പ്രേമം തന്നെയാണ്.ചിത്രമിറങ്ങിയതിന് ശേഷം ചിത്രത്തിലെ നായകൻ ജോർജ് അഥവാ നിവിൻ പോളി ഉപയോഗിക്കുന്ന മുണ്ടും ചൈനാകോളർ ഷർട്ടും ക്യാംപസുകളിൽ തരംഗം തീർത്തു.പലയിടത്തും ഈ വേഷധാരികൾ തീർത്ത ആഘോഷപരിപാടികൾ അപകടങ്ങളിലും കലാശിച്ചു. പ്രേമം റിലീസ് ചെയ്ത സമയത്തു കല്യാണ പാർട്ടികൾക്കും ബർത്ത്ഡേ ചടങ്ങുകൾക്കും തുടങ്ങി എന്ത് ആഘോഷപരിപാടികൾക്കും മുണ്ടും കറുത്ത ഷർട്ടുമിട്ടു പിള്ളേർ ഇറങ്ങുന്നതു നിത്യകാഴ്ചയായിരുന്നു.ആഘോഷങ്ങൾ ഏതുമാകട്ടെ വേഷം പ്രേമം സ്റ്റെൽ മുണ്ടും ഷർട്ടുമായി മാറി.കൂട്ടത്തോടെ ചെറുപ്പക്കാർ ഈ വേഷത്തിൽ എത്തുന്നതു സുന്ദരമായ കാഴ്ചയുമായിരുന്നു.പ്രേമത്തിലെ നായകൻ ജോർജ്ജിന്റെ രണ്ടാമത്തെ ഇൻട്രോ സീനിലാണു മുണ്ടും കറുത്ത ഷർട്ടുമായി രംഗപ്രവേശം ചെയ്യുന്നത്.പിന്നെ കോളജ് സീനുകളിൽ മുഴുവൻ ജോർജും സംഘവും ഈ വേഷത്തിൽ അലക്കിപ്പൊളിളിച്ചു.പടം തരംഗമായി മാറിയതോടെ മുണ്ടും ഷർട്ടും ആരാധകരും ഏറ്റെടുത്തു.ഇപ്പോഴും പ്രേമം സ്റ്റൈൽ വേഷത്തിൽ വിവാഹത്തിനും മറ്റും എത്തുന്നവർ കുറവല്ല.

ഹൗഓൾഡ്ആർ_യു വിലെ മഞ്ജു വാര്യരുടെ സാരി..#ലൂസിഫറിലെ മോഹൻലാലിന്റെ വെള്ള ഷർട്ടുകൾ..#മായാനദിയിലെ ടോവിനോയുടെ ക്യാപ്..#96ലെ തൃഷ ധരിച്ച മഞ്ഞ ടോപ്പ് & ദുപ്പട്ട..സിനിമ നമുക്കിടയിൽ തീർത്തുകൊണ്ടിരിക്കുന്ന ഫാഷൻ തരംഗങ്ങൾകക് ഇവിടെ ഇപ്പോഴും ശമനമാകുന്നില്ല

ലോകവും ജീവിതവും ഇങ്ങനെ മാറിക്കൊണ്ടേയിരിക്കും..ഒപ്പം ഫാഷനും

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ മലയാളിയുടെ ഫാഷൻ സങ്കൽപങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ ചില സിനിമകൾ/റഫറൻസുകൾ..പെട്ടെന്ന് ഓർക്കുന്നത് ഇതൊക്കെയാണ്..കൂടുതൽ സിനിമകളെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ട്.

0️⃣1️⃣നരസിംഹം-മോഹൻലാലിന്റെ മുണ്ട്,വാച്ച്,സ്ട്രാപ്പ്..etc

0️⃣2️⃣ഹിറ്റ്‌ലർ-മമ്മൂട്ടിയുടെ ഷർട്ടുകൾ

0️⃣3️⃣സ്ഫടികം-മോഹൻലാലിന്റെ റെയ്‌ബാൻ ഗ്ലാസ്,ചുവന്ന ഷർട്ട്,കറുത്ത മുണ്ട്

0️⃣4️⃣ബിഗ് ബി-മമ്മൂട്ടിയുടെ ജീൻസ് With ചെയിൻ

0️⃣5️⃣ഇഷ്ടം-ദിലീപ് ധരിച്ച ഷർട്ടുകൾ

0️⃣6️⃣തെങ്കാശിപ്പട്ടണം-സുരേഷ് ഗോപി,ലാൽ ധരിച്ച ഷർട്ടുകൾ

0️⃣7️⃣നിറം,അനിയത്തിപ്രാവ്-ശാലിനിയുടെ ചുരിദാറുകൾ,കുഞ്ചാക്കോ ബോബൻ ഉപയോഗിച്ച ബൈക്കുകൾ

0️⃣8️⃣നന്ദനം-നവ്യാ നായരുടെ ചെക്ക് പട്ടുപാവാടകൾ

0️⃣9️⃣രാവണപ്രഭു-മോഹൻലാലിന്റെ ക്യാപ്പ്

1️⃣0️⃣മായാനദി-ടോവിനോയുടെ ക്യാപ്പ്

1️⃣1️⃣ചോക്ലേറ്റ്-റോമ ഉപയോഗിച്ച സിംഗിൾ കളറിൽ വെള്ളറണ്ട് പ്രിന്റ് വരുന്ന സാരി

1️⃣2️⃣അൻവർ-പൃഥ്വിരാജിന്റെ അറേബ്യൻ വല്ലി/ഗ്രീൻ ടീ ഷർട്ട്

1️⃣3️⃣ലോലിപോപ്പ്-പൃഥ്വിരാജ് ഉപയോഗിച്ച ഇന്നർ ബനിയനുകൾ

1️⃣4️⃣നമ്മൾ-നായകന്മാർ ധരിച്ച ഷർട്ട്/അവർ ഉപയോഗിച്ചിരുന്ന സ്ലിങ് ബാഗ്

1️⃣5️⃣ചാർളി-പാർവതിയുടെ പലാസ്സോ,ദുൽക്കറിന്റെ സ്‌കാഫ്

1️⃣6️⃣-ബാബു ആന്റണി-വിവിധങ്ങളായ സിനിമകളിലെ ബ്ലൂ ഡെനിം ജീൻസ് & ജാക്കറ്റ്

1️⃣7️⃣ഹാപ്പി/തുറുപ്പുഗുലാൻ-നായകൻമാർ ധരിച്ച കാർഗോസ് പാന്റുകൾ

1️⃣8️⃣ഹണി ബീ-ആസിഫ് അലിയുടെ ഡ്രസ്സുകൾ

1️⃣9️⃣ഹൗ ഓൾഡ് ആർ യു-മഞ്ജു വാര്യരുടെ സാരി

2️⃣0️⃣മേരിക്കുണ്ടൊരു കുഞ്ഞാട്-ഭാവനയുടെ അനാർക്കലി

2️⃣1️⃣ചോക്ലേറ്റ്-പൃഥ്വിരാജ് ഉപയോഗിച്ച വലിയ ബക്കിൾ ഉള്ള ബെൽറ്റ്

2️⃣2️⃣കല്യാണരാമൻ-ദിലീപ് ഉപയോഗിച്ച ഷർട്ടുകൾ/ഹിറ്റ്‌ലർ സിനിമയിൽ മമ്മൂട്ടി ഉപയോഗിച്ച ഷർട്ടുകളോട് സാമ്യം ഉള്ളവയായിരുന്നു ഇത്

2️⃣3️⃣സോൾട്ട് N പെപ്പർ-ശ്വേത മേനോന്റെ സാരി

2️⃣4️⃣സോൾട്ട് N പേപ്പറിൽ മൈഥിലി ഉപയോഗിച്ച സ്കർട്ട്

2️⃣5️⃣തട്ടത്തിൻ മറയത്ത്-നിവിൻ പോളിയുടെ സീനറി പ്രിന്റ് ടീ-ഷർട്ടുകൾ