ഫാസ്ടാഗ് ഇന്നുമുതല്‍;ടോൾ പണം കൈപ്പറ്റാൻ ഒരു ട്രാക്ക്

0

തൃശ്ശൂര്‍: രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ബുധനാഴ്ച മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. ഇത് പലയിടത്തും ഗതാഗതക്കുരുക്കിന് വഴിവെച്ചേക്കുമെന്ന് ആശങ്കയുയരുന്നുണ്ട്. കേരളത്തില്‍ പാലിയേക്കര അടക്കമുള്ള ടോള്‍ പ്ലാസകളില്‍ രാവിലെ 10 മണി മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കിത്തുടങ്ങും. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇനി ഒരു ട്രാക്ക് മാത്രമേ ഉണ്ടാകൂ.

സംസ്ഥാനത്ത് ഏറ്റവും തിരക്കുള്ള ടോൾ ബൂത്ത് ആയ തൃശൂരിലെ പാലിയേക്കരയിൽ തിരക്കു നിയന്ത്രണാതീതമായാൽ മാത്രം 2 ട്രാക്കുകൾ അനുവദിക്കും. ഫാസ്ടാഗ് ഇല്ലാതെ ഫാസ്ടാഗ് ട്രാക്കുകളിൽ കയറിയാൽ ഇരട്ടിത്തുക ഈടാക്കും.

കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. ഇത്രയും വാഹനങ്ങള്‍ക്കുവേണ്ടിയാണ് 10 ടോള്‍ബൂത്തുകള്‍ ഇവിടെ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 60 ശതമാനത്തിന് രണ്ടു ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാവുക. ഇത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്നാണ് ആശങ്ക.

പാലിയേക്കരയിൽ നാട്ടുകാർക്ക് പ്രതിമാസം 150 രൂപ നിരക്കിലുള്ള ഫാസ്ടാഗ് ഏർപ്പെടുത്തിയതിനെതിരെ പ്രതിഷേധമുയരുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണു തീരുമാനമെടുക്കേണ്ടതെന്നാണു ദേശീയപാത അതോറിറ്റിയുടെ നിലപാട്.

കഴിഞ്ഞമാസം പൂര്‍ണതോതില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒരുമാസത്തേക്ക് കൂടി നീട്ടുകയായിരുരുന്നു. ഇപ്പോഴും ഫാസ്ടാഗ് എടുക്കാത്ത ഒട്ടേറെ വാഹനങ്ങളുള്ളതിനാല്‍ ടോള്‍ പ്ലാസുകളില്‍ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.