ന്യൂയോര്‍ക്ക്: പ്രമുഖ യുഎസ് പാക്കേജ്-ഡെലിവറി കമ്പനിയായ ഫെഡക്സ് കോര്‍പ്പിന്റെ പുതിയ സിഇഒ ആയി ഇന്ത്യന്‍ വംശജനായ രാജ് സുബ്രഹ്മണ്യം ചുമതലയേല്‍ക്കും. ഫ്രെഡ് സ്മിത്ത് ജൂണ്‍ ഒന്നിന് പടിയിറങ്ങുന്ന ഒഴിവിലാണ് രാജിന്റെ നിയമനം. സ്മിത്ത് കമ്പനിയുടെ എക്സിക്യൂട്ടിവ് ചെയര്‍മാനാകും.
56 വയസ്സുകാരനായ രാജ് സുബ്രഹ്മണ്യം 1991-ലാണ് ഫെഡക്സില്‍ ചേരുന്നത്. ഏഷ്യയിലും അമേരിക്കയിലുമായി നിരവധി ചുമതലകള്‍ വഹിച്ചു. പിന്നീട് ചീഫ് മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഓഫിസറായും ഫെഡക്സ് എക്സ്പ്രസിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. 2019ല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറും കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായി.
1973-ലാണ് പോസ്റ്റ് ഓഫിസുകളേക്കാള്‍ വേഗത്തില്‍ ചെറിയ പാര്‍സലുകളും കത്തുകളും എത്തിക്കാനായി ഫ്രെഡ് സ്മിത്ത് ഫെഡക്സ് കമ്പനി ആരംഭിക്കുന്നത്. അടുത്ത അരനൂറ്റാണ്ടിനുള്ളില്‍ വ്യോമമാര്‍ഗവും ലോകമെമ്പാടും പാക്കേജുകള്‍ എത്തിക്കുന്ന തരത്തിലേക്കു കമ്പനി വളര്‍ന്നു. ആളുകളെയും സാധ്യതകളെയും ബന്ധിപ്പിക്കുക വഴി 50 വര്‍ഷത്തിനുള്ളില്‍ ലോകത്തെതന്നെ മാറ്റാന്‍ ഫെഡക്സിനു കഴിഞ്ഞുവെന്ന് സ്മിത്ത് പറയുന്നു. കമ്പനിയെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തനാണ് രാജ് സുബ്രഹ്മണ്യമെന്നും സ്മിത്ത് അഭിപ്രായപ്പെട്ടു.