സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ടോള്‍ ഫ്രീ നമ്പര്‍; ഫിലിം ചേംബറിന്‍റെ വിമര്‍ശനത്തില്‍ മറുപടിയുമായി ഫെഫ്‍ക

0

തങ്ങള്‍ക്കെതികെ സംസ്ഥാന സര്‍ക്കാരിലും വനിതാ കമ്മിഷനിലും പരാതിപ്പെട്ട ഫിലിം ചേംബറിനെതിരെ പ്രതികരണവുമായി ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ഈ രംഗത്തെ സ്ത്രീകൾക്ക് പരാതിപ്പെടാൻ ഫെഫ്ക ഏർപ്പെടുത്തിയ ടോൾഫ്രീ നമ്പർ നിയമവിരുദ്ധമാണെന്നായിരുന്നു ഫിലിം ചേംബറിന്‍റെ പരാതി. എന്നാല്‍ വനിതകളുടെ കോർ കമ്മിറ്റിയും ടോൾ ഫ്രീ നമ്പറും തുടങ്ങിയത് ചർച്ചകൾകൊടുവിലാണെന്ന് ഫെഫ്ക പറയുന്നു.

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ നിന്നുള്ള പരാതികള്‍ ആഭ്യന്തര പരാതി കമ്മിറ്റികളിലാണ് സ്ത്രീകളടക്കം ഉന്നയിക്കേണ്ടതെന്നായിരുന്നു ഫിലിം ചേംബറിന്‍റെ വാദം. എന്നാല്‍ സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി കമ്മിറ്റി രൂപീകരിക്കേണ്ടത് അതത് സിനിമാ നിർമാതാവ് ആണെന്നും ഓരോ സിനിമയ്ക്കും ഓരോ കമ്മിറ്റികളാണ് വേണ്ടിവരികയെന്നും ഫെഫ്ക പറയുന്നു. വനിതകളുടെ കോർ കമ്മിറ്റി സ്ഥിരം സംവിധാനമാണെന്നും. ഫെഫ്ക വലിയ പാതകം ചെയ്തു എന്ന നിലയിലുള്ള പ്രസ്താവനകൾ അപലപനീയമാണെന്നും സംഘടന അറിയിക്കുന്നു.

കുറച്ച് ദിവസം മുന്‍പാണ് സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ഫെഫ്ക ടോൾ ഫ്രീ നമ്പർ പുറത്തിറക്കിയത്. പരാതി അറിയിക്കുന്നതിനുവേണ്ടി 24 മണിക്കൂർ സേവനം ഈ നമ്പര്‍ വഴി ആരംഭിച്ചിരുന്നു. പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുന്നത് സ്ത്രീകൾ ആയിരിക്കും എന്നും ഫെഫ്ക അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്കയുടെ പുതിയ സേവനം എന്നാണ് സംഘട അറിയിച്ചത്. എന്നാല്‍ ഐസിസി നടപടി പരിശോധിക്കാൻ മോണിറ്ററിം​ഗ് കമ്മിറ്റിയുണ്ടെന്നും അതിനിടയില്‍ ഫെഫ്കയുടെ നടപടി നിയമ വിരുദ്ധമാണെന്നുമായിരുന്നു ഫിലിം ചേംബറിന്‍റെ വാദം. ഫെഫ്കയ്ക്കെതിരെ നടപടി വേണമെന്നും ചേംബര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.