ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നു ഫിഫ

0

ഗള്‍ഫ് രാജ്യങ്ങളില്‍ ഉടലെടുത്ത പുതിയ നയതന്ത്ര പ്രതിസന്ധി 2022ല്‍ നടക്കേണ്ട ഖത്തര്‍ ലോകകപ്പിനെ ബാധിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടയിൽ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ഫിഫ. ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ അറിയിച്ചു.

ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബാളിന്റെ അന്തസിനു നിരക്കാത്ത ഒരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇന്‍ഫെന്റിനോ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.

നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഫുട്‌ബോളിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന് മടിച്ചു നില്‍ക്കുകയില്ലെന്നും ഇന്‍ഫന്റീനോ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധിക്കിടെ ഇതാദ്യമായാണ് ഫിഫ പ്രസിഡന്റ് ലോകകപ്പുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കയെ കുറിച്ച് പ്രസ്താവന നടത്തിയിരിക്കുന്നത്.

2022 ലെ ലോകകപ്പ് ഫുടബോളിനെ വരവേല്‍ക്കാന്‍ തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സൗദി അറേബ്യയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഈ സാഹചര്യത്തില്‍ ലോകകപ്പ് വേദി ഖത്തറില്‍ നിന്നും മാറ്റിയേക്കുമെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹ മാധ്യമങ്ങളിലും ഊഹാപോഹങ്ങൾ സജീവമാകുന്നതിനിടെയാണ് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫെന്റിനോ ഇത് സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് അറിയിച്ചത്.