മുംബൈ∙ ബോളിവുഡ് ഇതിഹാസതാരം ദിലീപ് കുമാർ (98) അന്തരിച്ചു. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പദ്മവിഭൂഷണും ദാദാസാഹിബ് ഫാൽക്കെ പുരസ്കാരങ്ങളും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.
അഞ്ച് ദശാബ്ദം നീണ്ട അഭിനയജീവിതത്തില്‍ എണ്ണം പറഞ്ഞ കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഔന്നത്യങ്ങളിലെത്തിച്ചു.
യൂസഫ് ഖാനാണ് ദിലീപ് കുമാർ എന്ന പേരിൽ ബോളിവുഡിന്റെ സുവർണ കാലഘട്ടത്തെ മുന്നോട്ടു നയിച്ചത്. 1944 ലില്‍ ജ്വാര്‍ ഭട്ട എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ദിലീപ് കുമാര്‍ ആറു പതിറ്റാണ്ട് കാലം അഭിനയരംഗത്ത് നിറഞ്ഞുനിന്നു. ഇക്കാലയളവില്‍ 62 സിനിമകളില്‍ വേഷമിട്ടു. ആന്‍, ദാഗ്, ആസാദ് ഗംഗ ജമുന അടക്കമുള്ള സിനിമകള്‍ ദിലീപ് കുമാറിന്റെ അഭിനയശൈലി അടയാളപ്പെടുത്തിയ സിനിമകളായിരുന്നു.
യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. 1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ച അദ്ദേഹത്തിന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ ആദരിച്ചു.