ലോക്ക് ഡൗൺ മൂലം സാമ്പത്തിക പ്രതിന്ധി; ക്ഷേത്രങ്ങളിലെ നിലവിളക്കുകൾ വിൽക്കാൻ ദേവസ്വം ബോർഡ്

0

ലോക്ക് ഡൗൺ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അധികമുള്ള നിലവിളക്കുകളും ഓട്ടുപാത്രങ്ങളും വിൽക്കാനൊരുങ്ങുന്നു. ഇതിനായുള്ള ലേല നടപടികൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിലുള്ള നിലവിളക്കുകളും പാത്രങ്ങളും ശേഖരിച്ചുതുടങ്ങി. ടൺ കണക്കിന് നിലവിളക്കുകളും പാത്രങ്ങളും ലേലം ചെയ്യുന്നതിലൂടെ വലിയ തുക സമാഹരിക്കാനാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെയും ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് അധികമുള്ള വിളക്കുകളും പാത്രങ്ങളും ശേഖരിക്കുന്നത്. . സബ് ഗ്രൂപ്പ് ആസ്ഥാനങ്ങളിൽ സംഭരിച്ചശേഷം ബോർഡിന്റെ കൈവശമുള്ള രജിസ്റ്ററുമായി ഒത്തുനോക്കും. രജിസ്റ്ററിലെ അളവിലും തൂക്കത്തിലും നിലവിളക്കുകളും പാത്രങ്ങളും ഉണ്ടാകില്ലെന്നാണ് ബോർഡ് അധികൃതരുടെ വിലയിരുത്തൽ.

ക്ഷേത്രങ്ങളിൽ ഉത്സവംപോലുള്ള എല്ലാ ചടങ്ങുകൾക്കും ഉപയോഗിച്ചുവരുന്ന നിലവിളക്കുകളോ പാത്രങ്ങളോ എടുക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഭക്തർ സമർപ്പിച്ച വിളക്കുകളും മറ്റും തങ്ങളെ അറിയിക്കാതെ ക്ഷേത്രങ്ങളിൽനിന്ന് കൊണ്ടുപോകുന്നതിനെതിരേ ചില ക്ഷേത്രോപദേശകസമിതികൾ രംഗത്തുവന്നിട്ടുണ്ട്. ഈ നടപടികൾക്ക് ഉപദേശകസമിതികളുമായി ഒരു ബന്ധവുമില്ലെന്നാണ് ദേവസ്വം ബോർഡിന്റെ നിലപാട്. 2012-ൽ ഇത്തരത്തിലൊരു ശേഖരണത്തിന് ബോർഡ് ശ്രമിച്ചിരുന്നു. എന്നാൽ ക്ഷേത്രോപദേശകസമിതികൾ എതിർത്തതോടെ അന്ന് നടപടികളിൽനിന്ന് ബോർഡ് പിന്മാറുകയായിരുന്നു.