ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയിൽ മന്ത്രി ശൈലജ ടീച്ചറും

1

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മാസികയായ ഫിനാഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർ. വായനക്കാർ നോമിനേറ്റ് ചെയ്ത നൂറുകണക്കിന് പേരുകളിൽ നിന്നാണ് കെ.കെ.ശൈലജ 12 അംഗ പട്ടികയിൽ ഇടം നേടിയത്.

പ്രതിസന്ധികളെ തരണം ചെയ്ത്, തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത വനിതകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആമുഖത്തോടെയാണ് 12 പേരുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

എല്ലാ ഡിസംബർ മാസത്തിലും പതിവായി പ്രസിദ്ധീകരിക്കുന്ന പട്ടികയാണിത്. ശൈലജ ടീച്ചറടക്കം 11 സ്ത്രീകളും ലോകത്തിലെ തൊഴിലെടുക്കുന്ന എല്ലാ അമ്മമാരെയുമാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ബയോൻടെക് ചീഫ് മെഡിക്കൽ ഓഫീസർ ഒസ്ലെം ടുറെസി, ബെലറേഷ്യൻ രാഷ്ട്രീയ നേതാവ് സ്വെറ്റ്ലെന ടിഖനോവ്‌സ്കയ, തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ, അന്തരിച്ച അമേരിക്കൻ സുപ്രീം കോടതി ജഡ്ജി റുത് ബാഡർ ഗിൻസ്ബെർഗ്, അമേരിക്കൻ രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ ഒകാസിയോ, സംഗീതജ്ഞ ടെയ്ലർ സ്വിഫ്റ്റ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡനാണ് പട്ടികയിൽ ഒന്നാമത്. ആരോഗ്യപ്രവർത്തകയായ ഓസ്‍ലം ടുറേസി, അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.