ഭൂമിയിൽ ആദ്യം പുതുവർഷമെത്തുന്ന കിരിബാത്തിയിലെ കിരിമാത്തി ദ്വീപിൽ ഇന്ത്യയെക്കാൾ എട്ടര മണിക്കൂർ മുൻപേ 2025 ആയി. ക്രിസ്മസ് ഐലൻഡ് എന്നുകൂടി വിളിപ്പേരുള്ള കിരിമാത്തി മധ്യ പസഫിക് സമുദ്രത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ആഗോള ഘടികാരത്തിന്‍റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ഗ്രീൻവിച്ച് മീൻ ടൈമിനെക്കാൾ 14 മണിക്കൂർ മുൻപേയാണ് കിരിമാത്തിയിൽ കാലം സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ ആഗോളതലത്തിൽ പുതുവർഷ ആഘോഷങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിക്കുന്നതും കിരിമാത്തിയിൽ തന്നെ.
കിരിമാത്തിക്കു പിന്നാലെ ന്യൂസിലൻഡിലെ ചാഥാം ദ്വീപുകളിലും പുതുവർഷമെത്തി. കിരിമാത്തിയെക്കാൾ 15 മിനിറ്റ് മാത്രമാണ് ഇവിടെ പുതുവർഷമെത്താൻ വൈകുന്നത്. ലോക നഗരങ്ങളിൽ ആദ്യം പുതുവർഷം ആഘോഷിക്കുന്നതും ന്യൂസിലൻഡിലാണ്- ഓക്ക്ലൻഡിലും വെല്ലിങ്ടണിലും. അതും കഴിഞ്ഞാണ് ഓസ്ട്രേലിയയിലെ സിഡ്നി, മെൽബൺ, കാൻബെറ എന്നിവിടങ്ങളിലെ പുതുവർഷ ആഘോഷങ്ങൾ.
ഏഷ്യൻ രാജ്യങ്ങളിൽ പുതുവർഷം ആദ്യമെത്തുന്നത് ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്ന ക്രമത്തിലാണ്. പിന്നാലെ ചൈനയിലും ഫിലിപ്പീൻസിലും സിംഗപ്പൂരിലും.
ഹവായിലെ ബേക്കർ ഐലൻഡ്, ഹൗലാൻഡ് ഐലൻഡ് എന്നിവിടങ്ങളിലാണ് അവസാനമായി പുതുവർഷം പിറക്കുക. ഇതു രണ്ടും മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ്.