ലോകത്തിലെ ആദ്യ ഒമിക്രോണ്‍ മരണം ബ്രിട്ടണില്‍

1

ലോകത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മരിച്ചയാളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.

ഈ മാസം അവസാനത്തോടെ മുതിര്‍ന്നവര്‍ക്കെല്ലാം ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കിത്തുടങ്ങുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ തന്നെ ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ പരമാവധി പേരിലേക്ക് എത്തിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

ദക്ഷിണാഫ്രിക്കയിലാണ് ലോകത്ത് ആദ്യം കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, ഛണ്ഡിഗഢ്, കേരളം, ഡല്‍ഹി, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ ഇന്ന് പുതിയ രണ്ട് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 20 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സാര്‍സ് കൊറോണ വൈറസ്-2ന്റെ പുതിയ വകഭേദമാണ് ഒമിക്രോണ്‍ അഥവാ ബി. 1. 1. 529. കഴിഞ്ഞ നവംബര്‍ 22ന് ദക്ഷിണ ആഫ്രിക്കയിലാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വകഭേദത്തിന് 30 തവണയില്‍ കൂടുതല്‍ പ്രോട്ടീന്‍ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കൂടുതലായുള്ള പകര്‍ച്ചാശേഷി, പ്രതിരോധ ശക്തിയെ തകര്‍ക്കാനുള്ള കഴിവ്, ദക്ഷിണാഫ്രിക്കയില്‍ കേസുകളുടെ എണ്ണത്തില്‍ പെട്ടെന്നുണ്ടായ വര്‍ധനവ് ഇവ പരിഗണിച്ചാണ് ലോകാരോഗ്യസംഘടന ഇതിനെ വേരിയന്റ് ഓഫ് കണ്‍സേണ്‍ ആയി പ്രഖ്യാപിച്ചത്.