ലോക്ക്ഡൗണിനിടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ ട്രെയിന്‍ കോഴിക്കോടെത്തി. രാജധാനി സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ (02432) കോവിഡ് കാലത്തെ ആദ്യസർവീസ് നടത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ രാത്രി 10 മണിക്കാണ് ട്രെയിൻ എത്തിയത്.
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25-ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉള്ളത്. എല്ലാ യാത്രക്കാരുടേയും ശരീരോഷ്മാവ് കയറുമ്പോഴും ഇറങ്ങുമ്പോഴും പരിശോധിക്കുന്നുണ്ട്. യാത്രക്കാര്‍ മുഖാവരണം ധരിക്കണമെന്നും റെയില്‍വേ നിര്‍ദേശിച്ചിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍, പ്രായമായവര്‍, രോഗികള്‍ തുടങ്ങിയവരാണ് ട്രെയിനിലുള്ളത്.
ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കൻഡ് എസി, 11 തേർഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരായിരുന്നു ട്രെയിനിലുള്ളത്. കോഴിക്കോട് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ യാത്രക്കാരുടെ വിശദാംശങ്ങൾ പരിശോധിക്കാൻ സൗകര്യമൊരുക്കി. ജില്ലാ അടിസ്ഥാനത്തിൽ ഹെൽപ് ഡെസ്കുകളിൽ ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാർ രേഖകൾ പരിശോധിച്ചു.
വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവർക്ക് 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറന്റീന് അനുവദിച്ചു. ഹോം ക്വാറന്റീൻ പാലിക്കാനാകാത്തവർക്ക് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ സൗകര്യമാണ് ഒരുക്കിയത്. രോഗലക്ഷണമുള്ളവരെ തുടർപരിശോധനകൾക്കു വിധേയരാക്കി ആവശ്യമെങ്കിൽ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകാനും ആരോഗ്യവകുപ്പ് ജീവനക്കാർ സ്റ്റേഷനുകളിൽ സൗകര്യമൊരുക്കി. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കാനും സൗകര്യമൊരുക്കി.
സ്റ്റേഷനിൽ നിന്നു വീടുകളിലേക്കു കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിച്ചു. ഡ്രൈവർ ഹോം ക്വാറന്റീൻ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷനിൽ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആർടിസി സർവീസ് ഏർപ്പെടുത്തി. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യാനുസരണം കെഎസ്ആർടിസി സർവീസ് ഉറപ്പാക്കി.
കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ കോഴിക്കോടാണ് ഇറങ്ങിയത്. ഇവരെ എല്ലാവരേയും റെയില്‍വേ സ്റ്റേഷനില്‍ പരിശോധന നടത്തിയ ശേഷം ബസുകളിലാകും വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുക. സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കാണോ വീടുകളിലേക്കാണോ വിടേണ്ടതെന്ന് സ്‌ക്രീനിങിന് ശേഷമാകും തീരുമാനിക്കുക.
216 പേരാണ് കോഴിക്കോട് ഇറങ്ങുന്നത്. മുഴുവന്‍ ആളുകളെയും പരിശോധിച്ച ശേഷമായിരിക്കും സ്റ്റേഷന് പുറത്തേക്ക് ഇറക്കുക. യാത്രക്കാരെ വിവിധ സംഘങ്ങളായി തിരിച്ച് വിവിധ ഹെല്‍പ്പ് ഡെസ്ക്കുകളിലായി പരിശോധിക്കും. 602 യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങുക. മറ്റ് ജില്ലകളിലേക്ക് പോകേണ്ടവർക്ക് 25 കെഎസ്ആർടിസി ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേക്ക് പോകേണ്ടവർക്ക് അഞ്ച് ബസുകൾ ഏർപ്പെടുത്തിയതായി കന്യാകുമാരി കളക്ടർ തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിച്ചു.