ദുബായ് ∙ ഇന്ത്യക്കാരുടെ യുഎഇയിൽ നിന്നുള്ള മടക്കയാത്രയിലെ ആദ്യ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ യുഎഇ യില്‍ നിന്ന് വ്യാഴാഴ്ച കേരളത്തില്‍ എത്തും. രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം ഏർപ്പെടുത്തിയ സാഹചര്യത്തില്‍ ആദ്യ ദിനം കേരളത്തിലേക്ക് പ്രവാസികളെയെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നേരത്തേതന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നതായി യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു. ആദ്യ സംഘത്തില്‍ മടങ്ങുന്നവരുടെ പട്ടിക യുഎയിലെ ഇന്ത്യന്‍ എംബസി തയ്യാറാക്കി. അബുദാബി – കൊച്ചി, ദുബായ് – കോഴിക്കോട് എന്നിങ്ങനെയാണ് ആദ്യവിമാനങ്ങള്‍ സര്‍വീസ് നടത്തുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഗള്‍ഫ് നാടുകളിലേക്ക് എത്തും.
1,92,500 പേരുടെ പട്ടികയാണ് ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയിരിക്കുന്നത്. 13,000 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുകയെന്ന സൂചനകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ ഗൾഫിൽ നിന്നുള്ള തിരികെ എത്തിക്കുന്നതിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. അയൽ രാജ്യങ്ങളിൽ നിന്നുള്ളവരെയും മടക്കിക്കൊണ്ടു വരും.ചരിത്രത്തിലെ എറ്റവും വലിയ ഒഴിപ്പിക്കൽ നടപടിയാണ് ഒരുങ്ങുന്നതെന്നും എംബസിയുടെ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്തവരുടെ പേരുവിവരങ്ങൾ ക്രോഡീകരിച്ചുവരികയാണെന്നും സ്ഥാനപതി വ്യക്തമാക്കി.
എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പോകേണ്ടവരുടെ പട്ടിക തയാറാക്കി എംബസി എയർ ഇന്ത്യക്ക് കൈമാറും. തുടർന്നായിരിക്കും ടിക്കറ്റ് നൽകിത്തുടങ്ങുക. എയർ ഇന്ത്യാ വെബ് സൈറ്റ് മുഖേനയോ ഓഫീസുകളിൽ നിന്ന് നേരിട്ടോ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ ചെയ്യാത്ത കാര്യങ്ങളാണ് ചെയ്യാൻ പോകുന്നത്.
വെള്ളിയാഴ്ച മുതല്‍ എല്ലാ ദിവസവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് ഉണ്ടാകും. എംബസി തയ്യാറാക്കിയിരിക്കുന്ന പട്ടികയിലെ പരമാവധി ആളുകളെ ഇന്ത്യയിലേക്ക് കൊണ്ട് വരാനാണ് വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിട്ടിരിക്കുന്നത്.
അതേ സമയം കോവിഡ് ലക്ഷണം ഇല്ലാത്തവരെ മാത്രമേ കൊണ്ട് വരുകയുള്ളു. ഇന്ത്യയില്‍ എത്തിയാല്‍ ഉടന്‍ ആരോഗ്യ സേതു ആപ്പ് ഡൗണ്‍ ലോഡ് ചെയ്യണം. തുടര്‍ന്ന് 14 ദിവസം ക്വാറന്റൈനില്‍ കഴിയണം. ആശുപത്രിയിലോ, പ്രത്യേകമായി സജ്ജീകരിക്കുന്ന സ്ഥലനങ്ങളിലോ ആണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ചെലവും പ്രവാസി തന്നെ വഹിക്കണം. 14 ദിവസത്തിന് ശേഷം കോവിഡ് പരിശോധന നടത്തും. കോവിഡ് ഇല്ലെന്ന് തെളിഞ്ഞാല്‍ വീട്ടിലേക്ക് പോകാം. ഇന്ത്യയിലെ മെഡിക്കല്‍ പരിശോധന, ക്വാറന്റൈന്‍ എന്നിവ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണ്.
മാലദ്വീപിൽ നിന്ന് 750 പേരെ നാവിക സേനയുടെ കപ്പലിൽ എത്തിക്കും. നേരത്തെ, ഗൾഫിലടക്കം ലോകത്തെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരെ മടക്കി കൊണ്ടു വരാൻ കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തില്‍ ആദ്യ വിമാനം യുഎഇയില്‍ നിന്നായിരിക്കുമെന്ന് ഉന്നതതല വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങള്‍ അയക്കും. പ്രത്യേക വിമാന സര്‍വീസുകളായിരിക്കും നടത്തുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് പ്രവാസികളെ മടക്കി കൊണ്ടു വരാനുള്ള നടപടികൾക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായുള്ള ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തില്‍ നാളെ ഉന്നതതല യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്കായിരിക്കും യോഗം.