പ്രതീക്ഷകൾ അസ്ഥാനത്താക്കി എയർ ഇന്ത്യ. ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് നടത്തില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്കുള്ള മറുപടിയായി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 23 മുതല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ പ്രവേശനാനുമതി നല്‍കിയതോടെ ആശ്വാസത്തിലായിരുന്ന പ്രവാസികള്‍ ഇതോടെ വീണ്ടും ആശങ്കയിലാണ്.
യാത്രാ വിലക്ക് ഇന്ന് അവസാനിച്ചതിനാൽ വിമാന സർവീസ് പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഎഇയിലേക്കു വരാൻ ഇന്ത്യയിൽ കാത്തിരിക്കുന്നവർ. എമിറേറ്റ്സ് അടക്കമുള്ള മറ്റു വിമാന കമ്പനികളും സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന യാത്രാ നിയന്ത്രണങ്ങള്‍ കാരണം ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസുകളുണ്ടാകില്ലെന്നാണ് എയര്‍ ഇന്ത്യയുടെ അറിയിപ്പ്. കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്‍സൈറ്റിലൂടെയും ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബുധനാഴ്‍ച മുതല്‍ യുഎഇയിലേക്ക് വരാമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് സര്‍വീസ് തുടങ്ങുമെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സും അറിയിച്ചു. ചില വിമാനക്കമ്പനികള്‍ ബുക്കിങ് തുടങ്ങിയിരുന്നെങ്കിലും യാത്രാ നിബന്ധനകളിലെ അവ്യക്തത കാരണം ബുക്കിങ് നിര്‍ത്തിവെച്ചു.
വിമാന സർവീസ് വീണ്ടും നീട്ടിയതോടെ അവധിക്കാലം ചെലവഴിക്കാനായി നാട്ടിലെത്തി യാത്രാ വിലക്കിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരുടെ പ്രതിസന്ധി തുടരും. പലരുടെയും ജോലി പോലും ആശങ്കയിലാണ്.