മോഹന്‍ലാല്‍ ‘ പതിറ്റാണ്ടിന്റെ നടൻ’; ഇന്ദ്രന്‍സ് മികച്ച നടന്‍

1

ഫ്‌ളവേഴ്‌സിന്റെ ‘പതിറ്റാണ്ടിലെ നടന്‍’ പുരസ്‌കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. തിരുവനന്തപുരം ചിത്രാവതി ഗാര്‍ഡന്‍സില്‍ നടന്ന അവാര്‍ഡ് നിശയില്‍ ബോളിവുഡ് താരം ജാക്കി ഷെറഫാണ് മോഹന്‍ലാലിന് പുരസ്‌കാരം സമ്മാനിച്ചത്.

മികച്ച നടനായി ഇന്ദ്രന്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ‘ആളൊരുക്ക’ത്തിലെ അഭിനയമാണ് ഇന്ദ്രന്‍സിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.മഞ്ജു വാര്യരാണ് മികച്ച നടി. മഞ്ജുവിന് ശ്രീകുമാരന്‍ തമ്പി പുരസ്‌കാരം നല്‍കി. ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയ ശ്രീകുമാരന്‍ തമ്പിയെ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

ബോളിവുഡില്‍ നിന്ന് സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്തപുരസ്‌കാരം ജാക്കി ഷെറഫിന് ലഭിച്ചപ്പോള്‍ അതേ വിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് നെടുമുടി വേണു പുരസ്‌കാരത്തിന് അര്‍ഹനായി.വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനുള്ള പ്രത്യേക പുരസ്‌കാരം നടന്‍ സിദ്ദിഖ് ഏറ്റുവാങ്ങി. ‘സ്റ്റാര്‍ ഓഫി ദി ഇയര്‍’ പുരസ്‌കാരം ടോവിനോ തോമസിന് ലഭിച്ചപ്പോള്‍ സുരാജ് വെഞ്ഞാറമ്മൂടിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു .’ടേക്ക് ഓഫി’ലൂടെ മഹേഷ് നാരായണന്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റു പ്രധാന പുരസ്‌കാരങ്ങള്‍ : മികച്ച സഹനടന്‍-അലന്‍സിയര്‍,മികച്ച സഹനടി-ശാന്തി കൃഷ്ണ,മികച്ച നവാഗത സംവിധായകന്‍- പ്രജേഷ് സെന്‍,മികച്ച സംഗീത സംവിധായകന്‍- ബിജിബാല്‍,മികച്ച പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, മികച്ച തിരക്കഥാകൃത്ത്-സജീവ് പാഴൂര്‍. ഇരുപത്തിയാറ് വ്യത്യസ്ത വിഭാഗങ്ങളിലായിട്ടാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്.

നടന്‍ ജയറാം അവാര്‍ഡ് നിശയില്‍ അവതാരകനായെത്തി. രമേഷ് പിഷാരടി,സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുടെ നേതൃത്വത്തിലാണ് ഹാസ്യ പരിപാടികള്‍ അരങ്ങില്‍ എത്തിയത്. ഹരിഹരന്‍,ആന്‍ഡ്രിയ,ജെര്‍മിയ,തമിഴ്താരം നമിത എന്നിവരും വേദിയിലെത്തി.