അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു

0

വാഷിങ്ടണ്‍: അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസവും 1980 മുതല്‍ 1987 വരെ മിഡില്‍വെയ്റ്റ് ചാംപ്യനുമായ മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ ഭാര്യ കേ ജി ഹാഗ്ലറാണ് തന്റെ ഭര്‍ത്താവ് ഹാംഷെയറിലെ കുടുംബവീട്ടില്‍ അന്തരിച്ചതായി അറിയിച്ചത്.

മാര്‍വിന്‍ ഹാഗ്ലര്‍ 1973 മുതല്‍ 1987 വരെ പോരാടി കായികലോകത്ത് നിറഞ്ഞുനിന്നിരുന്നു. ഇക്കാലയളവില്‍ രണ്ട് സമനിലയും 52 നോക്കൗട്ടുകളും നേടി 62-3 എന്ന റെക്കോര്‍ഡ് നേടി. 1985 ല്‍ ലാസ് വെഗാസിലെ സീസര്‍ പാലസില്‍ നടന്ന തോമസ് ‘ഹിറ്റ്മാന്‍’ ഹിയേഴ്ണ്‍സിനെതിരായ എട്ട് മിനിറ്റിലധികം നീണ്ടുനിന്ന മല്‍സരം ഒരു ക്ലാസിക് ആയാണ് കണക്കാക്കപ്പെടുന്നത്.

1980 ല്‍ വേള്‍ഡ് ബോക്‌സിങ് കൗണ്‍സിലിന്റെയും വേള്‍ഡ് ബോക്‌സിങ് അസോസിയേഷന്റെയും മിഡില്‍വെയ്റ്റ് കിരീടങ്ങള്‍ ഹാഗ്ലര്‍ നേടി. 1976 മുതല്‍ 1986 വരെ, 36 വിജയങ്ങളും ഒരു സമനിലയും ഹാഗ്ലര്‍ നേടിയിരുന്നു. ബോക്‌സിങില്‍ നിന്നു വിടവാങ്ങിയ ശേഷം നടനും ബോക്‌സിങ് കമന്റേറ്ററുമായി പ്രവര്‍ത്തിച്ചിരുന്നു.