കോഴിക്കോട്: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എം.കമലം (96) അന്തരിച്ചു. രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
1982ലെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തും വിമോചനസമരകാലത്തും ജയിൽ വാസം അനുഷ്ഠിച്ചിട്ടുണ്ട്. കെപിസിസി ഉപാധ്യക്ഷ, ജനറൽ സെക്രട്ടറി തുടങ്ങി ഒട്ടേറ പദവികൾ അനുഷ്ഠിച്ചു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു കമലം. ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്. ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ കോഴിക്കോട് ജില്ലാ ചെയർ പേഴ്സണായും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു. 1948 മുതൽ 1963 വരെ കോഴിക്കോട് മുൻസിപ്പൽ കൗൺസിൽ അംഗമായി പ്രവർത്തിച്ചു.
1980 ലും 1982 ലും കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഭർത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തൻ, എം.മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ.