മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം പി എയിംസിലെത്തിയിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.
1991-96 കാലത്ത് നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.