സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണം. ഇടുക്കി, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്.
ഇടുക്കിയിലെ സ്പെഷൽ ബ്രാഞ്ച് എസ് ഐ വി.പി. അജിതനാണ് (55) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. പ്രമേഹവും ഹൃദ്രോഗവുമുണ്ടായിരുന്നു. ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആയിരുന്നു മരണം. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കരിച്ചു.
എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോർട്ട് ചെയ്തത്. തൃക്കാക്കര പൈപ്പ്ലൈൻ സ്വദേശി ദേവസി ആലുങ്കൽ(80)ആണ് മരിച്ചത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്നു ദേവസി.
മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ മലപ്പുറത്തും പാലക്കാടും മരണം റിപ്പോർട്ട് ചെയ്തു.
മലപ്പുറത്ത് കൊണ്ടോട്ടി പെരുവള്ളൂർ സ്വദേശി കോയമു ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. 82 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 29ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം പ്ലാസ്മ തെറാപ്പിക്കും വിധേയനായിരുന്നു.
പാലക്കാട് പട്ടാമ്പിയിലാണ് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തത്. ഓങ്ങല്ലൂർ സ്വദേശി കോരൻ (80) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.