രാജ്യത്തെ ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ പത്തിടങ്ങളില്‍ നാലും കേരളത്തില്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണകേന്ദ്രം തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഉരുള്‍പൊട്ടല്‍ സാധ്യത കൂടിയ നാല് ജില്ലകള്‍ പരാമര്‍ശിക്കുന്നത്. നാല് ജില്ലകളിലും പ്രളയ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ഹൈദരാബാദിലെ നാഷണല്‍ റിമോര്‍ട്ട് സെന്‍സിങ് സെന്ററാണ് ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ പട്ടികപ്പെടുത്തിയത്. 17 സംസ്ഥാനങ്ങളിലേയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലേയും 147 പ്രദേശങ്ങളാണ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഈ പട്ടികയിലെ ആദ്യ പത്തിലാണ് കേരളത്തില്‍ നിന്നുള്ള നാല് ജില്ലകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
സാധ്യതാ പട്ടികയില്‍ തൃശൂരിന്റെ സ്ഥാനം മൂന്നാമതും പാലക്കാടിന്റേത് അഞ്ചാമതും മലപ്പുറത്തിന്റേയും ഏഴാമതും കോഴിക്കോടിന്റെ സ്ഥാനം പത്താമതുമാണ്. 2000 മുതല്‍ 2017 വരെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഹിമാലയം കഴിഞ്ഞാല്‍ പശ്ചിമഘട്ടനിരയിലാണ് കഴിഞ്ഞ കുറെക്കാലത്തിനിടെ വന്‍വികസനപ്രവര്‍ത്തനം നടന്നത്. ഇത് ഉരുള്‍പൊട്ടല്‍ ഭീഷണി ഉയരാനിടയാക്കിയതായ് റിപ്പോര്‍ട്ട്. കേരളത്തില്‍നിന്ന് നാലും ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, സിക്കിം സംസ്ഥാനങ്ങളില്‍നിന്ന് രണ്ടുവീതവും ജില്ലകളാണുള്ളത്.