നാലാംഘട്ട ലോക്ക്ഡൗണ്‍; മാർഗരേഖ പുറത്തിറക്കി കേന്ദ്രം

0

നാലാം ഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മാർഗരേഖ കേന്ദ്രം പുറത്തിറക്കി. ദേശീയ ദുരന്തനിവാരണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. മേയ് 18 മുതല്‍ മേയ് 31 വരെയാണ് നാലാംഘട്ടം. ഇക്കാലളവിലെ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്.

  • രാജ്യാന്തര-ആഭ്യന്തര വിമാന സർവീസുകൾ മെയ് 31 വരെ പ്രവർത്തനം നടത്തില്ല. ആഭ്യന്തര മെഡിക്കല്‍ സര്‍വീസുകള്‍, എയര്‍ ആംബുലന്‍സുകള്‍, സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ എന്നിവയ്ക്ക് ഇളവുകളുണ്ടാകും.
  • മെട്രോ ട്രെയിൻ സർവീസുകൾക്കും വിലക്കുണ്ട്.
  • ആരാധനാലയങ്ങളും മത, വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും.
  • സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര പഠനക്രമം തുടരും.
  • ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല.
  • ഹോം ഡെലിവറിക്കായി അടുക്കളകൾ പ്രവർത്തിപ്പിക്കാൻ റസ്റ്ററന്റുകൾക്ക് അനുമതിയുണ്ട്. എന്നാൽ ബന്ധപ്പെട്ട അധികൃതർ നിർദേശിച്ചിട്ടുള്ള സമയക്രമം പാലിച്ചു മാത്രം. ഒരു സമയം 5 പേരിൽ കൂടുതൽ കടകളിലുണ്ടാകരുത്. ഓരോരുത്തർക്കുമിടയിൽ ആറടി അകലമുണ്ടാകണം.
  • ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിലെ കാൻ്റീനുകൾക്ക് പ്രവർത്തനാനുമതിയുണ്ട്.
  • സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും. എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല.
  • ഒരു തരത്തിലുമുള്ള സാമൂഹിക–രാഷ്ട്രീയ–വിനോദ–വിദ്യാഭ്യാസ–സാംസ്കാരിക–മതപരമായ ചടങ്ങുകളും മറ്റ് കൂടിച്ചേരലുകളും അനുവദിക്കില്ല.
  • സിനിമാ തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ, സമാനമായ സ്ഥലങ്ങൾ എന്നിവയ്ക്ക് നിരോധനം തുടരും.
  • 65 വയസ്സിന് മുകളിൽ പ്രായമുള്ളവർ, പത്ത് വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, രോഗസാധ്യതയുള്ളവർ എന്നിവർ വീട്ടിനുള്ളിൽതന്നെ കഴിയണം. അടിയന്തര ആരോഗ്യപരിപാലന കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്.

കണ്ടെയ്ന്‍മെന്റ് മേഖലകളിലൊഴികെ അനുവദനീയമായ കാര്യങ്ങള്‍ (നിയന്ത്രണങ്ങള്‍ക്ക് വിധേയം)

  • പുറപ്പെടുന്ന സംസ്ഥാനത്തിന്റെയും എത്തിച്ചേരുന്ന സംസ്ഥാനത്തിന്റെയും അനുമതിയോടെ സംസ്ഥാനാന്തര യാത്രകള്‍. യാത്രാവാഹനങ്ങളും ബസുകളും അനുവദനീയം.
  • യാത്രാവാഹനങ്ങളുടെയും ബസുകളുടെയും അന്തര്‍ സംസ്ഥാന-കേന്ദ്രഭരണ പ്രദേശ യാത്രകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തീരുമാനിക്കാം.

സോണുകളെ സംബന്ധിച്ച തീരുമാനങ്ങള്‍

  • റെഡ്,ഗ്രീന്‍,ഓറഞ്ച് സോണുകള്‍ അതത് സംസ്ഥാന-കേന്ദ്രഭരണ പ്രദേശ സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം.
  • റെഡ്,ഓറഞ്ച് സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ തീരുമാനിക്കുന്നത് ജില്ല അധികൃതരായിരിക്കും..
  • കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്കുള്ളില്‍ അത്യാവശ്യ കാര്യങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളു. സോണുകളില്‍നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള ജനങ്ങളുടെ യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടാവും. മെഡിക്കല്‍, മറ്റ് അത്യാവശ്യങ്ങള്‍ എന്നിവയ്ക്ക് ഇളവുണ്ടാകും.
  • കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അതിതീവ്ര കോണ്‍ടാക്ട് ട്രേസിങ്, വീടുകള്‍ തോറുമുള്ള നിരീക്ഷണം, മറ്റ് മെഡിക്കല്‍ ഇടപെടലുകള്‍ എന്നിവയുണ്ടാകും.
  • നൈറ്റ് കര്‍ഫ്യൂ രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു.
  • കണ്ടെയ്മന്മെൻ്റ് സോണുകളിൽ അവശ്യ സേവനം മാത്രമേ അനുവദിക്കൂ. ഇവിടെ നിന്ന് അകത്തേക്കും പുറത്തേക്കും പോകാൻ പാടില്ല. സോണുകൾ സംബന്ധിച്ച തീരുമാനം സംസ്ഥാന സർക്കാരുകൾക്കും കണ്ടെയ്ന്മെൻ്റ് സോണും ബഫർ സോണും ജില്ലാ ഭരണകൂടങ്ങൾക്കും തീരുമാനിക്കാം. ഇതൊക്കെ ആരോഗ്യവകുപ്പിൻ്റെ മാനദണ്ഡപ്രകാരം മാത്രമേ തീരുമാനിക്കാവൂ.
  • വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം.

ആവശ്യസർവീസുകൾ

  • ആരോഗ്യപ്രവർത്തകർക്ക് അന്തർ സംസ്ഥാന യാത്രകളും സംസ്ഥാനത്തിനകത്തുള്ള യാത്രകളും അനുവദിക്കണം.
  • ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശത്തിൽ പ്രത്യേകമായി പരാമർശിച്ചിട്ടുള്ള നിരോധനങ്ങളല്ലാതെ മറ്റൊന്നും നിലവിലുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ സംസ്ഥാനങ്ങള്‍ക്കു നിരോധനം ഏർപ്പെടുത്താം.

2005-ലെ ദുരന്തനിവാരണ ചട്ടം അനുസരിച്ച്‌ നൽകിയ ഈ മാർഗനിർദേശങ്ങളിൽ ഇളവ് നൽകരുത്. അടച്ചിടൽ ചട്ടം ലംഘിക്കുന്നവർക്കെതിരേ 2005-ലെ ദുരന്തനിവാരണ ചട്ടം അനുസരിച്ച് ശിക്ഷാ നടപടികൾ സ്വീകരിക്കും.