പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

0

രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 84 പൈസയും പെട്രോൽ ലിറ്ററിന് 87 പൈസയും വർധിച്ചു. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ കൂടുകയാണ്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പിന് മുൻപ് അവസാനം ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിൽ വില 82 ഡോളറിനരികെയായിരുന്നു.

ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും. എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ തന്നെ ഇന്ധന വില ഉയരുമെന്ന് കരുതിയതാണ്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

ഓട്ടോ ടാക്സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വർധനയ്ക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയർന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും.

വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധിക്കാൻ കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയില്‍ വലിയ തിരിച്ചടി ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. റഷ്യയില്‍ നിന്നും കുറ‍ഞ്ഞ നിരക്കില്‍ ക്രൂഡ് ഓയിൽ വാങ്ങാന്‍ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്.