ദക്ഷിണാഫ്രിക്കയില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരിയെ ബെംഗളൂരുവിലെത്തിച്ചു. പാരിസ് വഴി എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ഇന്ത്യയിലെത്തിച്ചത്. മുംബൈ അധോലോകത്തിലെ ഛോട്ടാ രാജന് സംഘാംഗമായിരുന്ന രവി പൂജാരിക്കെതിരെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ ഉള്‍പ്പെടെ ഇരുന്നൂറോളം കേസുകളുണ്ട്.
ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലേയും സെനഗലിലേയും പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ഒാപ്പറേഷനിലാണ് ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് പൂജാരിയെ പിടികൂടിയത്. ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കർണാടക പൊലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും ഇന്നലെ സെനഗലിലെത്തിയിരുന്നു. രണ്ടുവർഷം മുമ്പുവരെ ആസ്ട്രേലിയയിൽ കഴിയുകയായിരുന്ന പൂജാരി പിന്നീട് സെനഗലിൽ എത്തി.കഴിഞ്ഞ ജനുവരിയിൽ സെനഗലിൽ പിടിയിലായ പൂജാരി ജാമ്യം നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലേക്ക് കടക്കുകയായിരുന്നു.
ആഫ്രിക്കൻ രാജ്യമായ ബുർക്കിനഫാസോയിലെ പാസ്പോർട്ട് ഉപയോഗിച്ച് ആന്റണി ഫെർണാണ്ടസ് എന്ന വ്യാജ പേരിലാണ് പൂജാരി ആഫ്രിക്കയിൽ കഴിഞ്ഞിരുന്നത്. ഇന്ത്യയിൽ ഇയാൾക്കെതിരെ കൊലക്കേസുകൾ അടക്കം ഇരുന്നൂറിലേറെ കേസുകളുണ്ട്. അടുത്തിടെ കൊച്ചിയിൽ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടന്ന വെടിവയ്പ് കേസിലും പൂജാരിക്ക് പങ്കുണ്ട്. കർണാടക സ്വദേശിയായ പൂജാരി അധോലോക കുറ്റവാളികളായ ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം എന്നിവർക്ക് വേണ്ടിയാണ് പ്രധാനമായും പ്രവർത്തിച്ചിരുന്നത്.