കണ്ണീർക്കടലായി വിമാനത്താവളം; 12 പേരുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന്

0

കുവൈറ്റ് തീപിടുത്ത ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊച്ചിയിൽനിന്ന് വീടുകളിലേക്ക് എത്തിക്കുന്നു. 24 മലയാളികളുടേതടക്കം 45 മൃതദേഹങ്ങളാണ് കൊണ്ടുവന്നത്. 23 മലയാളികള്‍, ഏഴ് തമിഴ്‌നാട്ടുകാര്‍, ഒരു കര്‍ണാടകസ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണ് കൊച്ചിയില്‍ ഇറക്കിയത്. തുടർന്ന് വിമാനം ഡല്‍ഹിയിലേക്ക് പോയി.

മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഡെന്നി ബേബി മുംബൈയില്‍ സ്ഥിരതാമസക്കാരനാണ്. അദ്ദേഹത്തിന്‍റെ മൃതദേഹം മുംബൈയിലാണ് ഇറക്കുക. ഓരോ മൃതദേഹവും പ്രത്യേകം ആംബുലൻസുകളിൽ പൊലീസ് അകമ്പടിയോടെ വീടുകളിലേക്ക് കൊണ്ടുപോയി. 23 പേരില്‍ 12 മലയാളികളുടെ സംസ്കാരം ഇന്ന് തന്നെ നടക്കും.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അരുൺ ബാബു, തിരുവനന്തപുരം സ്വദേശിയായ ശ്രീജേഷ് തങ്കപ്പൻ നായർ, കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടിൽ ഷമീർ ഉമറുദ്ദീൻ,കൊല്ലം സ്വദേശി സുരേഷ് എസ്. പിള്ള, പത്തനംതിട്ട വള്ളിക്കോട് വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരൻ,തൃശ്ശൂർ ചാവക്കാട് പാലയൂർ സ്വദേശി ബിനോയ് തോമസ്, മലപ്പുറം പുലാമന്തോൾ സ്വദേശി മരക്കാടത്തു പറമ്പിൽ ബാഹുലേയൻ, തിരൂർ സ്വദേശി നൂഹിൻ, കണ്ണൂർ പയ്യന്നൂർ സ്വദേശി നിതിൻ, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, കാസർകോട് ചെർക്കള സ്വദേശി കെ. രഞ്ജിത്ത്, കാസർഗോഡ് സ്വദേശി കേളു തുടങ്ങിയവരുടെ ശവസംസ്കാരം ഇന്ന് നടക്കും.

കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു) , പത്തനംതിട്ട പന്തളം മുടിയൂർക്കോണം ശോഭനാലയത്തിൽ ആകാശ് ശശിധരൻ , തുടങ്ങിയവരുടെ സംസ്കാരം ശനിയാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് തിരുവല്ല മേപ്രാൽ ചിറയിൽ കുടുംബാംഗം തോമസ് ഉമ്മന്റെ മൃതദേഹം സംസ്കരിക്കുക. പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസിന്റെ സംസ്കാരച്ചടങ്ങുകൾ (56) തിങ്കളാഴ്ചയാണ്.

ചൊവ്വാഴ്ചയാണ് ചെങ്ങന്നൂർ സ്വദേശി മാത്യു തോമസിന്റെ (ബിജു-53) സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പത്തനംതിട്ട സ്വദേശി സിബിന്‍ ടി. എബ്രഹാമിന്റെയും കോട്ടയം പാമ്പാടി ഇടിമണ്ണിൽ സ്റ്റെഫിൻ ഏബ്രഹാം സാബുവിന്റെ(29)യും മൃതദേഹങ്ങൾ തിങ്കളാഴ്ച സംസ്കരിക്കും.