“അതിരുകളില്ലാത്ത ലോകം, മതിലുകളുയരുന്ന ലോകം” മുരളി തുമ്മാരുകുടി

0

ഈ എണ്ണ കുഴിച്ചെടുക്കുന്ന ബിസിനസ് അല്പം റിസ്‌ക്കൊക്കെ ഉള്ളതാണ്. ഒന്നാമത് എണ്ണ എവിടെയാണോ അവിടെപ്പോയി വേണം ബിസിനസ് തുടങ്ങാൻ. അവിടം കരയോ, കടലോ, ദുരന്തമുണ്ടാവാനിടയുള്ള സ്ഥലമോ സമാധാനമുള്ള സ്ഥലമോ എന്താണെങ്കിലും. കാറുണ്ടാക്കുന്ന കന്പനി പോലെ ഒരു സ്ഥലത്ത് യുദ്ധമോ ദുരന്തമോ വന്നാൽ എടുത്ത് വേറൊരിടത്ത് കൊണ്ടുപോകാൻ പറ്റില്ല.
രണ്ടാമതായി ‘കാശെടുത്ത് വീശിയാൽ’ മാത്രം കാശ് തിരിച്ചുകിട്ടുന്ന പ്രസ്ഥാനമാണ്. ഒരു സ്ഥലത്ത് എണ്ണയുണ്ടോ എന്നു കണ്ടുപിടിക്കാനുള്ള സർവ്വേയും, അതിലെ ഫലങ്ങൾ സ്ഥിരീകരിക്കാനുമുള്ള പര്യവേക്ഷണ എണ്ണക്കിണറുമൊക്കെ സ്ഥാപിക്കാൻ തന്നെ ആയിരക്കണക്കിന് കോടി രൂപയാകും. അതില്ലാം വിജയമാകണമെന്നുമില്ല. എണ്ണയുണ്ടെന്ന് ഉറപ്പാക്കിയതിൽ നിന്നും ധാരാളം ഡെവലപ്മെന്റ് കിണറുകളുണ്ടാക്കി അതെല്ലാം ഒരു പ്രോസസിംഗ് പ്ലാന്റിലെത്തിക്കാനുള്ള പൈപ്പ്‌ ലൈനുമൊക്കെ ആകുമ്പോഴേക്കും പിന്നെയും ആയിരക്കണക്കിന് കോടികൾ ചെലവാകും. അതിനുശേഷം ഇരുപതോ മുപ്പതോ വർഷം അവിടെനിന്നും എണ്ണ കുഴിച്ചെടുത്ത് വിൽക്കാൻ പറ്റിയാലാണ് കന്പനിയുടെ മുടക്കുമുതൽ തിരിച്ചുകിട്ടുന്നത്.
എണ്ണപര്യവേഷണം തുടങ്ങി മുടക്കുമുതൽ തിരിച്ചുകിട്ടുന്നത് വരെയുള്ള മുപ്പത് വർഷത്തിനകം ആ രാജ്യത്തും ലോകത്തും പലതും സംഭവിക്കാം. യുദ്ധത്തിൽ സ്ഥലം ഉപേക്ഷിച്ച് ഓടിപ്പോകുന്നതു മുതൽ രാഷ്ട്രീയമാറ്റങ്ങൾ കൊണ്ട് സ്വകാര്യ സംരംഭങ്ങൾ സർക്കാർ ഏറ്റെടുക്കുന്ന അവസ്ഥ വരെ. ഇതൊന്നും സംഭവിച്ചില്ലെങ്കിൽ തന്നെ കുഴിച്ചെടുക്കുന്ന എണ്ണയുടെ വിലയിടിഞ്ഞ് കച്ചവടം നഷ്ടത്തിലാകാം. ഇതുകൊണ്ടൊക്കെയാണ് സാധാരണഗതിയിൽ ചെറിയ കന്പനികളൊന്നും ഈ രംഗത്ത് അധികകാലം പിടിച്ചുനിൽക്കാത്തത്.
എന്നാൽ എണ്ണയുൽപ്പാദനരംഗത്തെ ആഗോളഭീമന്മാരിൽ ഒന്നായ ഷെൽ എന്ന കന്പനിയുടെ കാര്യം ഇങ്ങനെയല്ല. 1907-ലാണ് ‘Royal Dutch Petroleum Company’ എന്ന നെതർലാൻഡ് കന്പനിയും ‘Shell Transport and Trading Company’ എന്ന ബ്രിട്ടീഷ് കന്പനിയുമൊരുമിച്ച് ‘Royal Dutch Shell Group’ എന്ന പ്രസ്ഥാനമുണ്ടാകുന്നത്. നൂറ്റിപ്പത്തു വർഷത്തിന് ശേഷം ഇന്നിപ്പോൾ തൊണ്ണൂറിലധികം രാജ്യങ്ങളിൽ അവർ പ്രവർത്തിക്കുന്നു. പ്രതിദിനം നാല്പതു ലക്ഷം ബാരലോളം എണ്ണ ഉദ്‌പാദിപ്പിക്കുന്നു (ഇത് ഇന്ത്യയിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അടുത്ത് വരും). അവരുടെ മൊത്തം വരുമാനം പതിനഞ്ചുലക്ഷം കോടി രൂപയിലും അധികമാണ്. (ഇത് കൃത്യം എത്രയാണെന്ന് ചോദിക്കരുത്. കേരളത്തിന്റെ മൊത്തം ജി ഡി പി യുടെ പലമടങ്ങ് വരുമിത്.) ഇതിനിടെ എണ്ണവിലയിൽ എത്രയോ ഏറ്റക്കുറച്ചിലുകൾ വന്നു, രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രൂണെയിൽനിന്നും ഇന്തോനേഷ്യയിൽ നിന്നുമൊക്കെ ഇവരെ അടിച്ചുപറപ്പിച്ചു, മറ്റെത്രയോ രാജ്യങ്ങളിൽ ആഭ്യന്തരകലഹവും യുദ്ധവുമുണ്ടായി, അതിനും മുൻപ് ഒന്നാം ലോകമഹായുദ്ധം ഉണ്ടായി. എന്നിട്ടും എങ്ങനെ ഈ പ്രസ്ഥാനം ഇപ്പോഴും പിടിച്ചുനിൽക്കുന്നു?
ഇതിനു പല കാരണങ്ങളുണ്ട്. പക്ഷെ ഒന്ന് ഉറപ്പായും പറയാം. ഭാവിയെ അറിഞ്ഞുപ്രവർത്തിച്ചാലേ വ്യക്തികൾക്കായാലും പ്രസ്ഥാനത്തിനായാലും പുരോഗതി പ്രാപിക്കാൻ കഴിയൂ. ഇനി വരുന്ന ലോകം എങ്ങനെയായിരിക്കും എന്നതിനെപ്പറ്റി ഒരേകദേശ ധാരണയുണ്ടാകണം, അതിനനുസരിച്ചു വേണം നയങ്ങളും നിക്ഷേപങ്ങളും നടത്താൻ. ഇത് പറയുന്പോൾ നിസാരമാണെങ്കിലും പ്രയോഗത്തിൽ എളുപ്പമല്ല. രാഷ്ട്രീയവും സാമൂഹ്യവും പ്രകൃതിദുരന്തവും കാലാവസ്ഥയുമുൾപ്പെടെ എത്രയധികം ശക്തികളാണ് ലോകത്തുള്ളത്. അവയോരോന്നും ഒറ്റക്കും കൂട്ടമായും ഭാവിയെ ബാധിക്കാം.
ഫ്യുച്ചറോളജി എന്ന പഠനശാഖയാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഇവരുടെ കൈയിൽ ഭാവിയെപ്പറ്റി പ്രവചിക്കാനുള്ള പല മാതൃകകളും മാർഗ്ഗങ്ങളുമുണ്ട്. ഇവയിലൊന്നാണ് സെനാറിയോ പ്ലാനിംഗ് (scenario planning) എന്നത്. ഏറെ പണവും സമയവുമാണ് ഷെൽ ഈ ഉദ്യമത്തിൽ നിക്ഷേപിക്കുന്നത്. ഓരോ പത്തുവർഷത്തിലും അവർ അടുത്ത ഇരുപത് വർഷത്തെ ലോകം എങ്ങനെയായിരിക്കുമെന്ന് കണക്കുകൂട്ടുന്നു. അതനുസരിച്ചാണ് നിക്ഷേപതീരുമാനങ്ങൾ എടുക്കുന്നത്. അതിന്റെ ഗുണം കാണാനുമുണ്ട്.
2005-ൽ അവർ തയ്യാറാക്കിയ ആഗോള സെനോറിയോ ഇപ്പോൾ നമുക്ക് ലഭ്യമാണ് (ലിങ്ക് താഴെ). ലോകം ഏതെങ്കിലുമൊരു പ്രത്യേകപാതയിലേക്ക് പോകും എന്നതല്ല സെനാറിയോ പ്ലാനിംഗിൽ പറയുന്നത്. എന്നാൽ ഏതൊക്കെ അടിസ്ഥാന ചാലകശക്തികളാണ് ലോകത്തിന്റെ ഭാവിയെ നിയന്ത്രിക്കുന്നത്, അവ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളുടെ ഫലം എന്തൊക്കെയാകാം എന്നെല്ലാമാണ് പല സെനാറിയോ അഥവാ സാധ്യതകളായി മുന്നിലുള്ളത്. ഈ ആഗോള സെനാറിയോകൾക്കകത്താണ് ദേശീയമായ സെനാറിയോ ഉണ്ടാക്കുന്നത്. അതിനകത്താണ് കന്പനി കാശുമുടക്കാനുള്ള തീരുമാനങ്ങൾ എടുക്കേണ്ടത്.
കന്പോളശക്തികളും ജനസമൂഹത്തിന്റെ ആഗ്രഹങ്ങളും രാജ്യതാൽപര്യങ്ങളും തമ്മിൽ ബാലൻസ് ചെയ്യേണ്ടിവരുന്ന ‘triple dilemma’ അല്ലെങ്കിൽ ‘trilemma’ ആണ് ഈ സെനാറിയോകളുടെ അടിസ്ഥാനം. ഇതൊക്കെ അൽപം സങ്കീർണമായി തോന്നാം. എന്നാലിതിൻറെ പരിണിതഫലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
കന്പോളത്തിന്റെയും ജനസമൂഹത്തിന്റെയും താല്പര്യമാണ് മുന്നിലെങ്കിൽ അതിരുകളില്ലാത്ത ഒരു ലോകമാകും ഉണ്ടാകുക (യൂറോപ്യൻ യൂണിയൻ ഒക്കെ പോലെ).
ജനസമൂഹത്തിന്റെയും രാജ്യത്തിന്റെയും താൽപര്യമാണ് മുന്നിലെങ്കിൽ മതിലുകൾ ഉയരുന്ന ലോകമാണുണ്ടാകുക (ഉദാഹരണം, ബ്രെക്സിറ്റ്‌).
കന്പോളത്തിന്റെയും രാജ്യത്തിന്റെയും താൽപര്യമാണ് മുന്നിലെങ്കിൽ അതിരുകളുള്ളതും എന്നാൽ കൊടുക്കൽവാങ്ങലുകൾ നടക്കുന്നതുമായ ലോകമായിരിക്കും ഉണ്ടാകുക (ഏതാണ്ടിപ്പോഴത്തെ പോലെ തന്നെ).
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ പിറവിയൊക്കെ സംഭവിച്ച കാലത്ത് അതിരുകളില്ലാത്ത ലോകമാണ് ആളുകൾ സ്വപ്നം കണ്ടിരുന്നത്. പക്ഷെ ഇരുപത്തിയൊന്നാം നൂറ്റാണ്ടു തുടങ്ങിയതിൽ പിന്നെ ആഗോളതലത്തിലുള്ള ഉടമ്പടികളൊന്നും അത്ര കാറ്റുപിടിക്കാതെയായി, എന്നാലും ലോകത്തെവിടെയും രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കൂടുതൽ കൂടുതൽ കൊടുക്കൽ വാങ്ങലിൽ ഏർപ്പെട്ടു. തൊഴിലിനായി അതിരു കടക്കുന്നവരുടെ എണ്ണം ഏറെ കൂടി. പക്ഷെ രണ്ടായിരത്തി പതിനാറ് ഈ കാര്യത്തിൽ ലോകത്തെ പിന്നോട്ട് നയിക്കാൻ പോന്ന തീരുമാനങ്ങളാണ് എടുത്തത്. 2017-ൽ നിന്നും 2025-ലേക്ക് നോക്കുന്പോൾ മതിലുകളുയരുന്ന ലോകമാണ് നാം അമേരിക്കയിലും ഇംഗ്ളണ്ടിലുമൊക്കെ കാണുന്നത്. മറ്റു സ്ഥലങ്ങളിലും കാറ്റ് അങ്ങോട്ടുതന്നെയാണ്.
അപ്പോ ചേട്ടാ, ഇതും കരിയർ മാനേജ്മെന്റും തമ്മിലുള്ള ബന്ധം?
ഉണ്ടല്ലോ. സംസ്ഥാനത്തിന് പുറത്തേക്ക് മാനവശേഷി കയറ്റിയയച്ച് അവർ അയക്കുന്ന പണത്തിൽ അടിസ്ഥാനമാക്കിയുള്ള വികസനമാണ് കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി കേരളത്തിൽ നടക്കുന്നത്. അപ്പോൾ അതിരുകളില്ലാത്ത ലോകമാണോ മതിലുകളുയരുന്ന ലോകമാണോ നമുക്ക് ചുറ്റും ഉണ്ടാകാൻ പോകുന്നത് എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അടിസ്ഥാനപരമായി പ്രധാനമാണ്. അതേസമയം കേരളത്തെപ്പറ്റി എത്ര ‘അഭിമാനപൂരിതമായ അന്തരംഗം’ ഉണ്ടായാലും ലോകത്തിന്റെ ഭാവി എങ്ങോട്ടുപോകുന്നു എന്നുള്ള വിഷയത്തിൽ ഒരുതരത്തിലുള്ള ഇൻഫ്ളുവൻസും നമുക്കില്ല എന്നത് ഒരു സത്യമാണ്. അപ്പോൾ നമ്മുടെ നിയന്ത്രണത്തിലല്ലെങ്കിലും നമുക്ക് ചുറ്റുമുള്ള ലോകത്ത് എന്തു സംഭവിക്കുന്നുവെന്ന് ശ്രദ്ധിക്കാതെ നമ്മൾ തൊഴിൽജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കരുത്. ഷെൽ പോലെയുള്ള കന്പനികൾ ചെയ്യുന്നതു പോലെ നമ്മുടെ സർക്കാരുകളും ലോകത്തിന്റെ ഒരു സെനാറിയോ പ്ലാനിങ് ഒക്കെ നടത്തി വേണം മാനവശേഷി വികസനം നടത്താൻ. അത് നടക്കുന്നില്ലെങ്കിൽ നമ്മൾ വ്യക്തിപരമായി ഈ കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കണം. കേരളത്തിലെ അടുത്ത കോളേജിലുള്ള കോഴ്‌സോ നാട്ടിൽ ഏറ്റവും വരുമാനമുള്ള തൊഴിലോ ഒന്നും നോക്കിയാവരുത് പഠന വിഷയങ്ങൾ തിരഞ്ഞെടുക്കുന്നത്.
കേരളം വാസ്തവത്തിൽ അൽപം ഭാഗ്യം ചെയ്ത സ്ഥലമാണ്. കാരണം നമ്മുടെ പ്രധാനശക്തി നമ്മുടെ മാനവശേഷിയാണ് എന്ന് പറഞ്ഞല്ലോ. അതിരുകളില്ലാത്ത ലോകമാണ് വരുന്നതെങ്കിൽ നമുക്ക് ധാരാളം മാനവശേഷി ലോകത്ത് വിന്യസിച്ച് ലോകത്തോടൊപ്പം വികസനത്തിൽ പങ്കാളികളാകാം, അത് നമ്മുടെ ഇപ്പോഴത്തെ വളർച്ചയെ മുന്നോട്ടു നയിക്കും. അതേസമയം മതിലുകളുയരുന്ന ഒരു കാലം ആണ് വരുന്നതെങ്കിൽ പുറത്തേക്ക് പോകാനുള്ള അവസരം കുറയും എന്ന് മാത്രമല്ല പുറത്തുള്ളവർ തിരിച്ചു വരുന്ന സാഹചര്യവും ഉണ്ടാവും. ഇതിനെ പക്ഷെ നെഗറ്റീവ് ആയി കാണേണ്ട കാര്യമില്ല. ലോകത്തെന്പാടു നിന്നും സാങ്കേതികവിദ്യയും മൂലധനവും സന്പാദിച്ച് ലോകത്തെവിടെയും നെറ്റ്‌വർക്ക് ഉള്ള മിടുക്കന്മാരായ ആളുകളാണ് തിരിച്ചെത്തുന്നത്. അത് നാടിൻറെ വൻവികസനത്തിന് വഴിതെളിക്കും. അപ്പോൾ മതിലുണ്ടായാലും പൊളിഞ്ഞുവീണാലും നമുക്ക് പിടിച്ചു നിൽക്കാം, മുന്നേറുകയും ചെയ്യാം. പക്ഷെ, ഈ രണ്ടു സാഹചര്യങ്ങളെ നേരിടാനും വ്യത്യസ്തമായ നയങ്ങളാണ് വേണ്ടത്. തൽക്കാലം എങ്കിലും ലോകത്ത് മതിലുകളുയരുന്നത് നമ്മൾ ശ്രദ്ധിക്കുന്നില്ല, ഇതൊക്കെ മെക്സിക്കോക്കാരുടെയോ പോളണ്ടുകാരുടെയോ സിറിയക്കാരുടെയോ ഒക്കെ പ്രശ്നമായാണ് നാം കാണുന്നത്. ഇത് നമ്മളെ കുഴപ്പത്തിൽ ചാടിക്കും.
“സംസ്ഥാനത്തിന്റെ കാര്യമൊക്കെ വിടൂ. സ്വന്തം കാര്യത്തിൽ എന്തുചെയ്യാൻ പറ്റുമെന്ന് പറ ചേട്ടാ.”
സാന്പത്തികവും സാമൂഹ്യവുമായ കാരണങ്ങളാൽ ലോകത്തെന്പാടും തൊഴിലിനു വേണ്ടിയുള്ള ആളുകളുടെ അതിർത്തികടക്കലിന് കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ വരികയാണ്. ഇതൊരു പക്ഷെ 2025 വരെ തുടർന്നേക്കും. ഇത് യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല ഏഷ്യയിലും മിഡിൽ ഈസ്റ്റിലും ഒക്കെ സംഭവിക്കാം. അപ്പോൾ തൊഴിൽജീവിതവുമായി ഇപ്പോൾ പുറത്തുള്ളവർ മതിലുകൾ ഉയരുന്ന ലോകത്തിനാണ് തയ്യാറെടുക്കേണ്ടത്. അപ്പോൾ മറ്റു രാജ്യങ്ങളിൽ തുടർന്നുനിൽക്കാൻ സാഹചര്യമുള്ളവർ മടിച്ചു നിൽക്കാതെ അതിനുള്ള പണി നോക്കുക. അതെ സമയം കേരളത്തിലേക്ക് മടങ്ങി വരേണ്ടി വരും എന്നത് ഒരു പേടിയായി എടുക്കേണ്ട കാര്യം തന്നെയില്ല. എണ്ണ വില കുറഞ്ഞിട്ടോ തന്നാട്ടുകാർക്ക് തൊഴിൽ കൊടുക്കാനോ മറ്റെന്തുകാര്യം കൊണ്ടോ ആകട്ടെ ലക്ഷക്കണക്കിന് മലയാളികൾ ഗൾഫിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും കേരളത്തിൽ തിരിച്ചെത്തിയാൽ നമ്മൾ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത മാറ്റങ്ങൾ ആയിരിക്കും കേരളത്തിലുണ്ടാകാൻ പോകുന്നത്.
ഇന്ത്യ ലോകത്തെ അതിവേഗം വളരുന്ന ഒരു രാജ്യവും കമ്പോളവുമാണ്. പുറത്തു പോയ നമ്മുടെ ആളുകൾ ഏറ്റവും ആധുനികമായ സ്കിൽ സെറ്റും ആയിട്ടാണ് തിരിച്ചു വരുന്നത്. അപ്പോൾ തൽക്കാലം വെറും ഉപഭോഗ സംസ്ഥാനം ആയ കേരളത്തിന് വേണമെങ്കിൽ എൻജിനീയറിങ്, ഡിസൈൻ, മെഡിസിൻ, ബാങ്കിങ്, ഇൻഷുറൻസ് തുടങ്ങി ഏത് സേവന മേഖലയിലെയും ഇന്ത്യയിലെ ഒന്നാമത്തെ സർവീസ് സംസ്ഥാനം ആകാൻ ഒരു ബുദ്ധിമുട്ടും ഇല്ല. ഇത് ഹൈ എൻഡ് കാര്യങ്ങളിൽ മാത്രമല്ല. ഇന്ത്യയിലെ വൻകിട സിവിൽ എഞ്ചിനീയറിംഗ് കന്പനി ഒന്നുപോലും കേരളത്തിൽ നിന്നല്ല. കൊച്ചി മെട്രോ പണിയാനും എം സി റോഡുണ്ടാക്കാനുമൊക്കെ കേരളത്തിൽ പുറത്തുനിന്നാണ് കന്പനികൾ വരുന്നത്. അതേസമയം സിവിൽ എഞ്ചിനീയറിംഗിന്റെ പുതിയ സംവിധാനങ്ങളിൽ പരിചയമുള്ള ആയിരക്കണക്കിന് മലയാളികളിപ്പോൾ ഗൾഫിലുണ്ട്. ഏതെങ്കിലും കാരണവശാൽ ഇവർ നാട്ടിലെത്തിയാൽ കേരളം ഇന്ത്യയിലെ സിവിൽ എഞ്ചിനീയറിംഗ് സൂപ്പർ പവർ ആകുമെന്നതിന് എനിക്ക് ഒരു സംശയവുമില്ല.
ഈ സേവനങ്ങളെല്ലാം ഇന്ത്യക്കകത്ത് മാത്രമല്ല ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും ഉള്ള എവിടെയും വിന്യസിക്കാൻ നമുക്ക് ഒരു ബുദ്ധിമുട്ടുമില്ല. ദുബായിയെക്കാളും സിംഗപ്പൂരിനെക്കാളും ‘സ്ട്രാറ്റജിക്ക് ഡെപ്ത്’ കൊച്ചിക്കുണ്ട്, കണക്ടിവിറ്റിയും ഒരു വിഷയമല്ല. പക്ഷെ ഇങ്ങനെ തിരിച്ചുവരുന്നവരുടെ അറിവും സന്പാദ്യവും സംയോജിപ്പിക്കാനുള്ള വിഷൻ ഉണ്ടായാൽ മതി. തിരിച്ചു വരുന്ന ആളുകൾക്ക് ആട് വളർത്താൻ ലോൺ നൽകും എന്ന ലെവലിൽ നമ്മൾ കാര്യങ്ങളെ കാണരുത്.
അതെ സമയം മൂലധനത്തിനും മാനവശേഷിക്കും എതിരെ ഉയർന്നു കൊണ്ടിരിക്കുന്ന മതിലുകൾ വലിയ താമസമില്ലാതെ പൊളിഞ്ഞു വീഴും. രണ്ടായിരത്തി മുപ്പതോടെ ലോകത്തിന്റെ പോപ്പുലേഷൻ പിരമിഡുകൾ ഏറെ മാറുകയാണ്. യൂറോപ്പിലും ജപ്പാനിലും മാത്രമല്ല ഒരു കുട്ടി മാത്രം പോളിസിയുടെ ഫലമായി ചൈനയിൽ പോലും തൊഴിൽ രംഗത്തേയ്ക്ക് വരുന്നവരുടെ എണ്ണം റിട്ടയർ ചെയ്യുന്നവരേക്കാൾ ഏറെ കുറയും. അവരുടെ സമ്പദ്‌വ്യവസ്ഥക്ക് പിടിച്ചു നിൽക്കണമെങ്കിൽ തൊഴിലറിയാവുന്നവരുടെ കുടിയേറ്റം അനുവദിച്ചേ പറ്റൂ എന്ന സ്ഥിതി വരും. ഇപ്പോൾ മതിലുകൾ ഉയർത്തിയവർക്കൊക്ക അതിന്റെ നഷ്ടം അപ്പോഴത്തേക്കും വ്യക്തമായിട്ടുണ്ടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ കേരളത്തിലിപ്പോൾ വിദ്യാഭ്യാസം ചെയ്തുകൊണ്ടിരിക്കുന്ന തലമുറ, അതായത് 2020 മുതൽ 2025 വരെ തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നവർ, അതിരുകളില്ലാത്ത ലോകത്തിനാണ് തയ്യാറെടുക്കേണ്ടത്.
അതേസമയം കേരളത്തിലെ ജനസംഖ്യാ പിരമിഡും മാറുകയാണ്. കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി കേരളത്തിൽ ലഭ്യമായ ഏറെ തൊഴിലുകൾക്ക് മലയാളികൾ ഓവർ ക്വാളിഫൈഡ് ആണെന്നതും ഭൂരിഭാഗം വിഷയങ്ങളിൽ ക്വാളിഫൈഡ് ആയിട്ടുള്ള മലയാളികൾക്ക് (ഡോക്ടർമാർക്കും മാർക്കറ്റിങ്ങുകാർക്കും ഒക്കെ ഒഴിച്ച്) കേരളത്തിൽ ലോകത്തെ മറ്റു സ്ഥലങ്ങളിൽ ഉള്ളപോലെ അവസരങ്ങൾ ഇല്ല എന്നതും ആണ്. സാങ്കേതിക വിദ്യയെ ഉപയോഗിച്ച് മൂല്യവർദ്ധിതമായി തൊഴിൽ ചെയ്യാൻ നമ്മൾ പഠിച്ചാൽ ഇത് മാറും. പിന്നെ തൊഴിലിനു വേണ്ടി മാത്രം പുറത്തു പോകേണ്ട അവസ്ഥ നമുക്കുണ്ടാവില്ല. ജീവിതശൈലീ താല്പര്യങ്ങൾ കൊണ്ടായിരിക്കും അന്ന് നമ്മുടെ പുതിയ തലമുറ നാടുവിടാൻ പോകുന്നത്.
ചുരുക്കിപ്പറഞ്ഞാൽ ഈ സദാചാരപോലീസ് പരിപാടിയും ട്രാൻസ്‌പോർട്ട് ബസിലും അമ്പലപ്പറമ്പിലും പെൺകുട്ടികളെ മുട്ടിയുരുമ്മാൻ പോകുന്നതുമൊക്കെ നിറുത്തിയില്ലെങ്കിൽ നമ്മുടെ പുതിയ തലമുറ അതൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന നാടുകളിലേക്ക് പോകും. വയസ്സ് കാലത്ത് ഓൾഡ് ഏജ് ഹോമിൽ നമ്മളെ നോക്കാൻ മറുനാട്ടിൽ നിന്നും ആളുകളെയോ ജപ്പാനിൽ നിന്നും റോബോട്ടിനെയോ ഒക്കെ കൊണ്ടുവരേണ്ടി വരും. ഇതൊന്നും സയൻസ് ഫിക്ഷൻ അല്ല, കോമൺസെൻസ് ആണ്.
ഇങ്ങനെയൊക്കെ മാറുന്ന ലോകത്തിൽ ഏതു തൊഴിലിനാണ് തെയ്യാറെടുക്കേണ്ടത് എന്ന് ഞാൻ അടുത്ത ലേഖനത്തിൽ പറയാം. സമയം കിട്ടുമ്പോൾ ഈ ലിങ്ക് ഒക്കെ ഒന്ന് വായിക്കുക. ലോകത്തെ മാറുന്ന ജനസംഖ്യാഭൂപടം നോക്കി മനസിലാക്കുക. പക്ഷെ ഏതു ഭാഷയാണ് പഠിക്കേണ്ടത് എന്ന് ഞാൻ പറഞ്ഞില്ല എന്നു പിന്നെ പറയരുത്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉള്ളത് ജനസംഖ്യയിലാണ്.
(സെനാറിയോ പ്ലാനിങ്ങിന്റെ ലോകത്തെ ഏറ്റവും നല്ല ട്രെയിനിങ്ങ് കോഴ്സ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ബിസിനസ്സ് സ്കൂളിലാണ്. ഏപ്രിൽ മാസത്തിലും ഒക്ടോബർ മാസത്തിലും ആണിത് നടത്തുന്നത്. ഒരാഴ്ച ട്രെയിനിങ്ങിന് ആറ് ലക്ഷം രൂപ ചിലവാകും, വണ്ടിക്കൂലി വേറെയും. നമ്മുടെ പ്ലാനിങ് ബോർഡിലെയും ഒക്കെ ഉദ്യോഗസ്ഥരെ നിർബന്ധമായും അയക്കേണ്ട ഒന്നാണ് എന്നാണെന്റെ അഭിപ്രായം. എന്നാൽ വിദേശത്ത് ഒക്കെ ഇത്ര പണം കൊടുത്ത് ഉദ്യോഗസ്ഥരെ വിടാൻ നമ്മുടെ ഭരണസംവിധാനത്തിൽ പരിധികളുണ്ട്. അതുകൊണ്ട് ഈ യു കെ യിലുള്ള മലയാളി അസോസിയേഷൻ ഒക്കെ മുൻകൈ എടുത്ത് ഓരോ വർഷവും രണ്ടു ചെറുപ്പക്കാരും മിടുക്കികളും മിടുക്കന്മാരും ആയ യുവ എം എൽ എ മാരെയും ഐ എ എസ് കാരേയും ഈ ട്രെയിനിങ്ങിന് കൊണ്ടുവരണം. ഇവരൊക്കെ നാട്ടിൽ തീരുമാനങ്ങൾ എടുത്തു തുടങ്ങുന്ന കാലത്ത് നമ്മുടെ നാടും മാറും. ചിന്തിച്ചു നോക്കുക)

Click to access Snowdon.pdf