ന്യൂഡൽഹി:റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വിവിധ സേനാ മെഡലുകള്‍ പ്രഖ്യാപിച്ചു. ഗാൽവാൻ താഴ്‌വരയില്‍ മാതൃരാജ്യത്തിനായ് വീരമൃത്യുവരിച്ച ജീവൻകൊണ്ടു പോരാടിയ ധീരനായകൻ കേണൽ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായി മഹാവീർചക്ര സമർപ്പിച്ച് രാജ്യത്തിന്റെ ഹൃദയാദരം.
സേവനത്തിനിടയിലെ ധീരകൃത്യത്തിന് നല്‍കുന്ന രാഷ്ട്രപതിയുടെ പോലീസ് ധീരതാ മെഡല്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സി.ആര്‍.പി.എഫ്. ജവാന്‍ മോഹന്‍ലാലിന് മരണാനന്തര ബഹുമതിയായി നല്‍കും. കാശ്മീരിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ഏപ്രിലിൽ വീരമൃത്യു വരിച്ച സുബേദാർ സഞ്ജീവ് കുമാറിന് മരണാനന്തര ബഹുമതിയായി കീർത്തിചക്രയും പ്രഖ്യാപിച്ചു. 19 പേർ പരംവിശിഷ്ട സേവാ മെഡലിനും നാല് പേർ ഉത്തം യുദ്ധ് സേവാ മെഡലിനും അർഹരായി.
കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020 ജൂൺ പതിനഞ്ചിനു രാത്രി ചൈനീസ് ആക്രമണത്തിലായിരുന്നു സന്തോഷ് ബാബുവിന്റെ വിീരമൃത്യു. യുദ്ധകാലത്തെ ധീരതയ്ക്കു നൽകുന്ന രണ്ടാമത്തെ വലിയ സൈനിക ബഹുമതിയാണ് മഹാവീർചക്ര. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ സന്തോഷ് ബാബു 16 ബിഹാർ റജിമെന്റിന്റെ കമാൻഡിംഗ് ഓഫീസറായിരുന്നു.
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ടി.കെ. വിനോദ് കുമാറിനാണ്. കേരളത്തിലുള്ള പത്തുപേര്‍ക്ക് സ്തുത്യര്‍ഹസേവന മെഡലും ലഭിച്ചു. വിവിധ അര്‍ധസൈനിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഒട്ടേറെ മലയാളികള്‍ സ്തുത്യര്‍ഹസേവന മെഡല്‍ ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്.