ബെംഗളൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് നാളെ ഗണേശ ചതുര്‍ഥി ആഘോഷം നടത്താനാകില്ല. രണ്ടു ദിവസത്തേയ്ക്ക് തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിട്ടു. ഈദ്ഗാഹ് മൈതാനത്ത് മറ്റ് മതാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാമെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.
ഗണേശ ചതുര്‍ഥി ആഘോഷത്തിന് അനുമതി നല്‍കിയതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി ആദ്യം സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പരിഗണിച്ചെങ്കിലും ജഡ്ജ്മാര്‍ക്ക് സമവായത്തിലെത്താന്‍ കഴിയാതായതോടെ അടിയന്തരമായി വാദം കേള്‍ക്കാന്‍ മൂന്നംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വരികയായിരുന്നു.
മൈതാനത്ത് 200 വര്‍ഷമായി മറ്റ് മതവിഭാഗങ്ങളുടെ ആഘോഷപരിപാടികള്‍ നടക്കാറില്ലെന്നും മറ്റ് മതാഘോഷങ്ങള്‍ക്ക് അനുമതി നല്‍കാന്‍ ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന് അവകാശമില്ലെന്നും വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. തല്‍സ്ഥിതി തുടരട്ടെെയന്ന കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് തിരുത്തുകയായിരുന്നു.