പാരിസ്: ഫ്രഞ്ച് നടന് ഗാസ്പാര്‍ഡ് ഉല്യേല്‍ (37) സ്കൈയിങ് അപകടത്തില്‍ മരിച്ചു. കിഴക്കന്‍ ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വത നിരകളില്‍ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. സ്കൈയിങ്ങിനിടയില്‍ മറ്റൊരാളുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബോധരഹിതനായ ഗാസ്പാര്‍ഡിനെ ഉടന്‍ തന്നെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ബുധനാഴ്ചയോടെ മരണത്തിന് കീഴടങ്ങി.
ഹാനിബല്‍ ഫ്രാഞ്ചൈസിയിലെ ഹാനിബല്‍ റൈസിങ് എന്ന ചിത്രത്തിലൂടെയാണ് ഗാസ്പാര്‍ഡ് പ്രശസ്തി നേടുന്നത്. സീരിയല്‍ കൊലപാതകിയായ ഹാനിബല്‍ ലെക്ടറിനെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്.
2001 ല്‍ പുറത്തിറങ്ങിയ ബ്രദര്‍ ഓഫ് ദ വൂള്‍ഫ് എന്ന ചിത്രത്തിലൂടെയാണ് ഗാസ്പാര്‍ഡ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. എ വെരി ലോങ് എന്‍ഗേജ്മെന്റ്, ഇറ്റ്സ് ഓണ്‍ ദ എന്‍ഡ് ഓഫ് ദ വേള്‍ഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സീസര്‍ പുരസ്കാരം ലഭിച്ചു. 2014 പുറത്തിറങ്ങിയ സെയിന്റ് ലോറന്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ലൂമിനാര്‍ പുരസ്കാരവും ലഭിച്ചു.
മോര് ദാന്‍ എവറാണ് അവസാന ചിത്രം. ഇതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് നടന്റെ വിയോഗം. ജൂലിയറ്റ്, മൂണ്‍ലൈറ്റ് തുടങ്ങി പന്ത്രണ്ടോളം ടെലിവിഷന്‍ സീരിയലുകളിലും ഗാസ്പാര്‍ഡ് വേഷമിട്ടിട്ടുണ്ട്. ഗല്ലേ പിയേട്രിയാണ് ഗാസ്പാര്‍ഡിന്റെ ഭാര്യ. ഒരു മകനുണ്ട്.