ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

0

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനംചെയ്ത ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും.

സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഓടില്ലെന്നും വ്യാപാരികള്‍ പണിമുടക്കിനോട് സഹകരിക്കുന്ന നിലപാടിലാണെന്നും സി.ഐ.ടി.യു അവകാശപ്പെട്ടു. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബുധനാഴ്ച അര്‍ധരാത്രി വരെയാണ് പണിമുടക്ക്.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ സംയുക്തമായാണ് ബുധനാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബി.എം.എസ് പണിമുടക്കിനെ എതിര്‍ക്കാത്ത സാഹചര്യത്തില്‍ ഫലത്തില്‍ തൊഴില്‍മേഖലയാകെ സ്തംഭിക്കുമെന്ന് മറ്റ് യൂണിയനുകള്‍ പറയുന്നു.

25 യൂണിയനുകളാണ് പണിമുടക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളും സ്വകാര്യബസുകളും നിരത്തിലിറങ്ങില്ല. ജീവനക്കാരുടെ സംഘടനകളും പണിമുടക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കില്ല. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും വ്യാപാരികള്‍ സ്വമേധയാ സഹകരിക്കുമെന്നാണ് കരുതുന്നതെന്നും സി.ഐ.ടി.യു ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.

ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ. ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനംചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിന് ആഹ്വാനംചെയ്തിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.

തൊഴിലാളികളുടെ കുറഞ്ഞവേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്.