ഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തിന് പിന്നാലെ വിവാദത്തിലായ സോൺട കമ്പനിക്കും രാജ് കുമാർ പിള്ളയ്ക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമ്മൻ പൗരൻ പരാതി നൽകി. സോൺട കമ്പനിയിൽ നിക്ഷേപം നടത്തിയ ജർമ്മൻ പൗരൻ പാട്രിക്ക് ബൗവറാണ് പരാതി നൽകിയത്. ഇന്ത്യയിൽ നിക്ഷേപം നടത്തിയ താൻ ചതിക്കപ്പെട്ടുവെന്നാണ് അദ്ദേഹം പരാതിയിൽ ആരോപിച്ചിരിക്കുന്നത്.
രാജ് കുമാർ പിള്ള കേരളത്തിലെ രാഷ്ട്രീയ കുടുംബത്തിൽ നിന്നാണെന്നും അതിനാൽ നിക്ഷേപിച്ച പണം തിരികെ കിട്ടാൻ നാല് വർഷമായി താൻ കഷ്ടപ്പെടുകയാണെന്നും പാട്രിക് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ശക്തമായ നടപടിയും തേടിയിട്ടുണ്ട്. വിഷയം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപങ്ങൾക്ക് തിരിച്ചടിയാകുമെന്നും കത്തിൽ പറയുന്നു.
ഇതേ പാട്രിക് ബൗവറിന്റെ പരാതിയിൽ ബംഗളുരു കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റകരമായ വിശ്വാസ വഞ്ചനയ്ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 20 കോടി രൂപയുടെ എസ് ബി എൽ സി നൽകിയതിന് ലാഭ വിഹിതമായി 82 ലക്ഷം നൽകാമെന്ന കരാർ ലംഘിച്ചുവെന്നാണ് പരാതിയിൽ ആരോപിച്ചിരിക്കുന്നത്. എസ്ബിഎൽസി ഇത് വരെ റിലീസ് ചെയ്ത് നൽകിയിട്ടില്ലെന്നും കരാറിൽ പറഞ്ഞ തുക നൽകാതെ പറ്റിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.