പ്രേതക്കപ്പലുകളെ പ്രമേയമാക്കി നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ, ഇതുപോലൊരു കപ്പല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് മ്യാന്‍മര്‍ തീരത്താണ്.
ഒമ്പതു വര്‍ഷം മുമ്പ് പസഫിക് സമുദ്രത്തില്‍ കാണാതായ കപ്പലാണ് മ്യാന്‍മര്‍ തീരത്ത് പ്രത്യക്ഷപ്പെട്ടത്. മ്യാന്‍മാറിലെ യാങ്കോണ്‍ മേലയിലാണ് നാവികരും യാത്രക്കാരുമില്ലാതെ ഈ ഭീമന്‍ കപ്പല്‍ കണ്ടെത്തിയത്. കടലില്‍ അലഞ്ഞു തിരിയുന്ന ഭീമന്‍ കപ്പലിനെ കുറിച്ച് മത്സ്യത്തൊഴിലാളികളാണ് മ്യാന്‍മര്‍ പൊലീസിനെ അറിയിക്കുന്നത്.
‘സാം രത്ലുങ്കി പിബി 1600’ എന്ന് കപ്പലാണ് ഏകദേശം ഒരു ദശകത്തിന് ശേഷം ദുരൂഹതകള്‍ ബാക്കിയാക്കി വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2009 ല്‍ തായ്‌വാനിലാണ് ഈ കപ്പല്‍ അവസാനമായി കണ്ടതായി രേഖകളുള്ളത്. പിന്നീട് നിഗൂഢതകളുമായി ഈ കപ്പല്‍ കടലില്‍ മറയുകയായിരുന്നു.
2001ല്‍ നിര്‍മിച്ച ഈ ചരക്കുകപ്പലിന് 177 മീറ്റര്‍ നീളമുണ്ട്. 27.91 മീറ്റര്‍ വ്യാപ്തിയും. 26,510 ടണ്‍ ആണ് ഭാരം. കഴിഞ്ഞ മാസം 30 ന് മത്സ്യത്തൊഴിലാളികള്‍ ഈ കപ്പല്‍ കണ്ടെത്തുമ്പോള്‍ ഇതില്‍ മനുഷ്യജീവന്റെ യാതൊരു സൂചനകളുമുണ്ടായിരുന്നില്ല. കപ്പലിലെ നാവികര്‍ ഒന്നടങ്കം അപ്രത്യക്ഷമായതു പോലെയായിരുന്നു കപ്പലിന്റെ ലക്ഷ്യം തെറ്റിയുള്ള യാത്ര. കൂടാതെ കപ്പലില്‍ യാതൊരു ചരക്കും ഉണ്ടായിരുന്നില്ല. നാവികരും ചരക്കും എവിടെ പോയി എന്നോ എന്താണ് സംഭവിച്ചതെന്നോ കപ്പല്‍ എങ്ങനെ കടലില്‍ ഒറ്റപ്പെട്ടു എന്ന കാര്യത്തിലോ കൃത്യമായ വിശദീകരണം നല്‍കാന്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ക്കായിട്ടില്ല.
അതു മാത്രമല്ല, ഇതുപോലൊരു ഭീമന്‍ കപ്പല്‍ കടലില്‍ എങ്ങനെ ഇത്രയും വര്‍ഷം ആരുടെയും കണ്ണില്‍പെടാതെ സഞ്ചരിച്ചു എന്നതും ചോദ്യചിഹ്നമാണ്. കപ്പലിന് ഇപ്പോഴും സാങ്കേതിക തകരാറുകളൊന്നുമില്ല. ഇതേസമയം, ഈ കപ്പല്‍ പൊളിക്കാന്‍ കൊണ്ടുപോയതാണെന്ന നിഗമനങ്ങളുമുണ്ട്. ഏതായാലും ഇതാദ്യമായാണ് കാണാതായ ഇത്രയും വലിയൊരു കപ്പല്‍ ഏഷ്യന്‍ സമുദ്രമേഖലയില്‍ പ്രത്യക്ഷപ്പെടുന്നത്. 2015 ല്‍ തകര്‍ന്ന 11 ബോട്ടുകള്‍ ജപ്പാന്‍ തീരത്ത് മൃതദേഹങ്ങളുമായി കണ്ടെത്തിയിരുന്നു.