നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്നോ നാളെയോ ഭൂമിയില്‍ പതിച്ചേക്കും എന്ന കടുത്ത ആശങ്കയിലാണ് ലോകമിപ്പോൾ. ചൈന കഴിഞ്ഞമാസം വിക്ഷേപിച്ച ലോങ് മാർച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭീതിക്ക് കാരണമാകുന്നത്. ശനിയാഴ്ച രാത്രി വൈകിയോ ഞായറാഴ്ച പുലർച്ചെയോ റോക്കറ്റ് ഭൂമിയിൽ പതിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഇന്നലെ രാത്രിയോടെ റോക്കറ്റ് ഭാഗത്തിന്റെ ഭൗമോപരിതലത്തിൽ നിന്നുള്ള ഉയരം 210–250 കിലോമീറ്റർ ആയിട്ടുണ്ട്. മണിക്കൂറിൽ 28,000 കിലോമീറ്ററാണ് ഇപ്പോഴത്തെ വേഗം. ജനവാസമേഖലകൾക്കു ഭീഷണിയാകാതെ പസിഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങളിലെവിടെയെങ്കിലും റോക്കറ്റ് വീഴുമെന്നാണു വിദഗ്ധരുടെ ശുഭാപ്തി വിശ്വാസം.
ചൈനയുടെ സ്വപ്നപദ്ധതിയായ ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29-നു ഭ്രമണപഥത്തിലെത്തിച്ചിരുന്നു. ഇതിനുശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് റോക്കറ്റിനു നിയന്ത്രണം നഷ്ടമായത്. 18 ടൺ ഭാരമുള്ള ഭാഗമാണ് വേർപ്പെട്ടത്.
ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക വടക്കേ അമേരിക്കയുടെ തെക്കൻ പ്രദേശങ്ങൾ എന്നിവയാണ് റോക്കറ്റിന്റെ സഞ്ചാരപഥത്തിലുള്ള പ്രദേശങ്ങൾ. അതേസമയം, ചൈനയുടെ ഭൂരിഭാഗം പ്രദേശങ്ങളും യൂറോപ്പിലും ഭീഷണിയില്ല.
റോക്കറ്റിന്റെ ബോഡി ഇപ്പോഴും സഞ്ചാരപദത്തിലാണ്. അത് തീര്‍ച്ചയായും ഭൂമിയില്‍ പതിക്കും. ജനവാസ മേഖലയില്‍ പതിച്ചാല്‍ അപകടത്തിനുള്ള സാധ്യതയും ഉണ്ട്. റോക്കറ്റിന്റെ സഞ്ചാരപദം നിരീക്ഷിക്കുകയാണെന്ന് യുഎസ് അറിയിച്ചു. ‘ഞങ്ങള്‍ വളരെ ശുഭപ്രതീക്ഷയിലാണ്. ജനവാസ മേഖലയില്‍ ആയിരിക്കില്ല റോക്കറ്റ് പതിക്കുകയെന്ന് വിശ്വസിക്കുന്നു. കടലില്‍ പതിക്കുമെന്നാണ് വിശ്വസിക്കുന്നത്,’ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പറഞ്ഞു.
ഇതിനിടെ, റോക്കറ്റ് യുഎസ് സൈന്യം വെടിവച്ചു നശിപ്പിക്കുമെന്ന് അഭ്യൂഹം പരന്നെങ്കിലും അക്കാര്യം ആലോചിക്കുന്നില്ലെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. വിഷയത്തിൽ ഇന്നലെ ചൈന ആദ്യമായി പ്രതികരിച്ചു. യാത്രയ്ക്കിടയിൽ റോക്കറ്റ് എരിഞ്ഞു തീരുമെന്നും അപകട സാധ്യതയില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
സമുദ്രത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഒരു പോസ്റ്റിലേക്കാണ് റോക്കറ്റ് വീഴേണ്ടിയിരുന്നത്. എന്നാല്‍, ഇതിന്റെ ഗതി മാറുകയായിരുന്നു. ജനവാസ മേഖലയില്‍ റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വീഴാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. റോക്കറ്റ് ഘട്ടമായി ഭൂമിയിലേക്ക് വീഴുമ്പോള്‍, അതില്‍ ഭൂരിഭാഗവും അന്തരീക്ഷത്തില്‍ കത്തിയെരിയാന്‍ സാധ്യതയുണ്ട്. മറ്റ് അവശിഷ്ടങ്ങള്‍ ജനവാസമേഖലയില്‍ മഴ പോലെ പെയ്തിറങ്ങും. എങ്കിലും, ഭൂമിയേക്കാള്‍ കൂടുതല്‍ ജലാശയങ്ങള്‍ ഉള്ളതിനാല്‍ ലോംഗ് മാര്‍ച്ച് 5 ബിയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ എവിടെയെങ്കിലും കടലില്‍ തെറിച്ചുവീഴാനുള്ള സാധ്യതയാണ് കൂടുതല്‍ പ്രവചിക്കുന്നത്.