ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി; പ്രതി കസ്റ്റഡിയിൽ

0

തിരുവനന്തപുരം: ഓച്ചിറയിൽ നിന്ന് ഒരു സംഘം തട്ടിക്കൊണ്ടു പോയ രാജസ്ഥാൻ സ്വദേശിയായ നാടോടി പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതി മുഹമ്മദ് റോഷനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേരള പൊലീസ് സംഘം ഇവരെ തേടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയിരുന്നു.

കഴിഞ്ഞ 18നാണു റോഷന്റെ നേതൃത്വത്തിലുള്ള സംഘം മാതാപിതാക്കളെ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് പ്രതിമകളുണ്ടാക്കി വില്‍ക്കുന്ന രാജസ്ഥാന്‍ സ്വദേശികളാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍. ചൊവ്വാഴ്ച പുലര്‍ച്ചയാണ് കുട്ടിയെ കണ്ടെത്തിയെന്ന വിവരമാണ് പോലീസില്‍നിന്നു ലഭിക്കുന്നത്. മുംബൈയിലെ പന്‍വേലിലെ ചേരിയില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്.

പെൺകുട്ടിയും റോഷനുമായി നേരത്തെ അടുപ്പമുണ്ടായിരുന്നതായാണു പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയാണ് പെൺകുട്ടിയേയും തട്ടിക്കൊണ്ടുപോയ റോഷനെയും മുംബൈയിൽ നിന്ന് കണ്ടെത്തിയതെന്നാണ് വിവരം.രണ്ട് ദിവസം മുൻപാണ് ഇവര്‍ മഹാരാഷ്ട്രയിലെത്തുന്നത്. ആദ്യം പോയത് ബെംഗലൂരുവിലേക്കാണ്. അവിടെ രണ്ട് ദിവസം താമസിച്ചു. അതിന് ശേഷം രാജസ്ഥാനിലേക്ക് പോയി. പിന്നീടാണ് മഹാരാഷ്ട്രയിലെത്തുന്നത്.

നിരന്തരം യാത്രചെയ്യുകയായിരുന്നതിനാൽ ഇവരെ പിന്തുടരുക എളുപ്പമായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ബൈക്ക് വിറ്റ് എൺപതിനായിരം രൂപ മുഹമ്മദ് റോഷന്‍റെ കയ്യിൽ രൂപയുണ്ടായിരുന്നു. രണ്ടു പേരും ഫോൺ ഉപയോഗിക്കാതിരുന്നതും പൊലീസിനെ കുഴക്കി. പലപ്പോഴും യാത്ര ചെയ്യുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരിൽ നിന്ന് ഫോൺ വാങ്ങിയാണ് നാട്ടിലേക്ക് ബന്ധപ്പെട്ടിരുന്നത്.

നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. അതിനിടെ നാട്ടിലേക്ക് ഇവര്‍ വിളച്ച ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടര്‍ന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ ഇതിനോടകം അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹമ്മദ് റോഷനെ മാത്രമായിരുന്നു പിടികിട്ടാനുണ്ടായിരുന്നത്. പെൺകുട്ടിയുടെ പ്രായം 15 ആണെന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ ഇതിൽ വ്യക്തത ഇല്ലെന്നും പ്രായം തെളിയിക്കുന്ന രേഖകൾ ഇല്ലാത്തതിനാലും പോക്‌സോ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് റോഷനും മറ്റു പ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.