മരണഭീതിയൊഴിയാതെ ലോകം: കൊവിഡ് ബാധിതർ 16 ലക്ഷം കടന്നു, മരണസംഖ്യ ഒരു ലക്ഷത്തിലേക്ക്

0

ലോകത്തെ മുഴുവൻ മരണ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. . രോഗബാധിതരുടെ എണ്ണം 1,603,164 ആയി. മരണസംഖ്യ 95,693 ആയി ഉയർന്നു. കഴിഞ്ഞ ദിവസം 80,000ത്തോളം പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ യൂറോപ്പിൽ നേരിയ ശമനമുണ്ടായെങ്കിലും ഇന്നലെ വീണ്ടും പഴയപടിയായി. കൊറോണ ഏറ്റവും കൂടുതൽ ആൾനാശം വിതച്ച ഇറ്റലിയിൽ മരണസംഖ്യ 18,279 ആയി വർധിച്ചു. രോഗബാധിതരുടെ എണ്ണം 1,43,626 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎസിലും ബ്രിട്ടനിലും റെക്കോര്‍ഡു മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലാണ്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 4,68,566 ആയി ഉയർന്നു. വ്യാഴാഴ്ച മാത്രം 1819 പേർ മരിച്ചു. ആകെ മരണം 16,691 ആയി. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാമതുള്ള സ്പെയിയിനിൽ 1,53,222 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15,447 പേർ മരിച്ചു. 24 മണിക്കൂറിനുള്ളിൽ എഴുന്നൂറോളം മരണം സ്പെയിനിൽ റിപ്പോർട്ട് ചെയ്തു.

ജർമനിയിൽ 2,607 പേരും ബ്രിട്ടണിൽ എട്ടായിരത്തോളം പേരും ഇറാനിൽ 4,110 പേരും മരണപ്പെട്ടു. ഫ്രാൻസിൽ 24 മണിക്കൂറിനിടെ 1,341 പേർ മരിച്ചു. ലോകത്താകെ 356,440 പേർക്ക് രോഗംഭേദമായി. 1,151,031 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. ഇതിൽ 50,000 ത്തോളം ആളുകളുടെ ആരോഗ്യനില ഗുരുതരമാണ്. അതേസമയം, ദക്ഷിണ കൊറിയ, ന്യൂസിലാന്റ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ലോക്ക് ഡൗണുകള്‍, പരിശോധന, നിരീക്ഷണം, ക്വാറന്റൈന്‍ എന്നിവവൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ സഹായിച്ചിട്ടുണ്ട്. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിലും മറ്റ് പ്രദേശങ്ങളിലും അടിയന്തര താത്ക്കാലിക ആശുപത്രികൾ ആരംഭിച്ചു. ശീതീകരിച്ച ട്രക്കുകൾ നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്.