തിരുവനന്തപുരം: എയര്‍ ഇന്ത്യ സാറ്റ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവെച്ചു. ഗ്രൗണ്ട് ഹാന്‍ഡലിങ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജിവെച്ചത്. സ്വര്‍ണക്കടത്തുകേസില്‍ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി തന്നെ ആവശ്യപ്പെട്ടിട്ടാണ് ബിനോയ് രാജിവെച്ചതെന്നാണ് വിവരം.
സ്വര്‍ണക്കടത്തുകേസില്‍ പ്രതിയായ സ്വപ്‌ന സുരേഷ് എയര്‍ഇന്ത്യ സാറ്റ്‌സില്‍ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. അയോഗ്യത മറച്ചുവെച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റസ് ജീവനക്കാര്‍ക്ക് പണം നല്‍കി സ്വര്‍ണക്കടത്തിന് സമ്മര്‍ദം ചെലുത്താറുണ്ടെന്നും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മെറിന്‍ മാത്യു വെളിപ്പെടുത്തിയിരുന്നു.
സ്വപ്നയെ എയര്‍ഇന്ത്യ സാറ്റ്‌സില്‍ എത്തിച്ചു എന്നതിന്റെ പേരിലും സ്വര്‍ണക്കടത്തിന്റെ പേരിലും ഏറെ ആരോപണങ്ങള്‍ ബിനോയ്‌ക്കെതിരെ ഉണ്ടായിരുന്നു. അധികം വൈകാതെ തന്നെ ബിനോയ് ജേക്കബിനെ ഈ കേസില്‍ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.