തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ വകുപ്പ് തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഖിലേന്ത്യാ സര്‍വീസിലെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായി എന്ന് സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. വകുപ്പ് തല അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഐടി മേഖലയിലുള്ള വിവിധ സ്ഥാപനങ്ങളിലെ നിയമനം ക്രമാനുസരണമാണോ എന്ന് പരിശോധിക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ സർക്കാർ അന്വേഷിക്കും.
2000ലാണ് ശിവശങ്കറിന് മറ്റു വകുപ്പില്‍നിന്ന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റുന്നത്.