സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

1

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യം തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് സ്വപ്‌നയ്ക്ക് ജാമ്യം നിഷേധിക്കുന്നതെന്ന് കോടതി പറഞ്ഞു.

സ്വപ്ന സ്വർണക്കടത്തിൽ പങ്കാളിയാണെന്നതിന് പ്രഥമ ദൃഷ്ട്യ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. തീവ്രവാദ പ്രവർത്തനത്തിൽ സ്വർണക്കടത്തും പെടും. കാർഗോ വിട്ടുകിട്ടാൻ സ്വപ്ന ഇടപെട്ടുവെന്നും യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും കോടതി. കഴിഞ്ഞ ദിവസം കേസിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. എന്നാൽ യാതൊരു ബന്ധവുമില്ലെന്നും സാധാരണ സ്ത്രീയാണെന്നുമായിരുന്നു സ്വപ്‌നയുടെ വാദം.

നേരത്തെ ജാമ്യാപേക്ഷ പരിഗണിക്കവേ സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് എന്‍ഐഎയോട് കോടതി ചോദിച്ചിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണ വിവരങ്ങള്‍ അടങ്ങിയ കേസ് ഡയറി എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ വാദിച്ചത്. സ്വപ്‌നയുടെ ചില മൊഴികളുമായി ബന്ധപ്പെട്ട രേഖകള്‍ മാത്രമാണ് ഹാജരാക്കാന്‍ സാധിച്ചതെന്നും മറ്റ് തെളിവുകളില്ലെന്നും അവര്‍ വാദിച്ചിരുന്നു.

അതിനിടെ കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനെയും റബിൻസിനെയും നാട്ടിൽ എത്തിക്കാൻ നടപടി തുടങ്ങി. തുടർനടപടികളുടെ ഭാഗമായി യുഎഇയിലേയ്ക്ക് എൻഐഎ സംഘം പുറപ്പെട്ടു. അവിടെ വച്ച് പ്രതികളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അറ്റാഷെയും ചോദ്യം ചെയ്‌തേക്കും. മറ്റ് ഏജൻസികളുടെ സഹായത്തോട് കൂടിയായിരിക്കും ചോദ്യം ചെയ്യൽ. കോൺസുലേറ്റിന്റെ ആഭ്യന്തര അന്വേഷണത്തിലെ പാളിച്ചയും ഏജൻസി അന്വേഷിക്കും.