ദുബായ് : മലയാളിയായ അറബിഭാഷാ വിദഗ്ധൻ നസീം ഹംസ ദേവതിയാലിന് യു.എ.ഇ.യുടെ 10 വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. അറബി ഭാഷയിലുള്ള പ്രാവീണ്യം, വിവർത്തന കലാ നൈപുണ്യം, അധ്യാപനം, എഴുത്ത് തുടങ്ങിയ ഭാഷാ കഴിവുകൾ, സേവനങ്ങൾ എന്നിവ പരിഗണിച്ചാണ് ആദരം.
അറബിയിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തിൽ പി.ജി. ഡിപ്ലോമയും പൂർത്തിയാക്കിയ നസീം രണ്ടു പതിറ്റാണ്ടിലേറെയായി വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉന്നത ദ്വിഭാഷാ പദവികളിൽ ജോലി ചെയ്തു വരുകയായിരുന്നു. ദുബായ് മുനിസിപ്പാലിറ്റി, ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ഓഫീസ്, ആർ.ടി.എ. തുടങ്ങിയ സ്ഥാപനങ്ങളിൽ മീഡിയ സ്പെഷ്യലിസ്റ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എഴുത്തുഭാഷക്ക് പുറമെ, ഗൾഫ് സംസാര ഭാഷയായ ഖലീജി ലഹ്ജയും അനായാസം കൈകാര്യം ചെയ്യാനുള്ള നസീമിന്റെ കഴിവിനെയാണ് ദുബായ് കൾച്ചറൽ അതോറിറ്റി പ്രത്യേകമായി പരിഗണിച്ചത്. ഭാഷാ വിദ്യാർഥികളായി നൂറുക്കണക്കിന് ശിഷ്യരുള്ള നസീമിന്റെ തികച്ചും നൂതനമായ അധ്യാപന രീതിയും സമകാലിക വിഷയങ്ങളെക്കുറിച്ച് അറബിയിലുള്ള മികച്ച ലേഖനങ്ങളും ഇതിനകംതന്നെ നാട്ടിലും മറുനാട്ടിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
നിലവിൽ അറബി ഭാഷയുടെ പ്രചാരണത്തിനായുള്ള വിവിധ സംരംഭങ്ങളുടെ പണിപ്പുരയിലാണ്. രാഹുൽ ഗാന്ധി യു.എ.ഇ. സന്ദർശിച്ച വേളയിൽ അദ്ദേഹത്തിന്റെ ഔദ്യോഗിക അറബി മീഡിയ പരിഭാഷകൻ കൂടിയായിരുന്നു നസീം. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയാണ്.